തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ്ങ് ടെസ്‌റ്റിലെ പരിഷ്‌കാരം മെയ് 1 മുതൽ നടപ്പാക്കണമെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദേശം അനിശ്ചിതത്വത്തിൽ. ടെസ്‌റ്റിങ്ങ് ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തുകയോ, ട്രാക്ക് ഒരുക്കുകയോ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ ആരംഭിക്കുകയോ ഇതുവരെ ചെയ്‌തിട്ടില്ല.
നിലവിലുള്ള എച്ച് ടെസ്‌റ്റിന് പകരം ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ടെസ്‌റ്റ് ഗ്രൗണ്ടിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്‍റ് ടെസ്‌റ്റ് എന്നിവ ഉൾപ്പെടുത്തണം എന്നാണ് നിർദ്ദേശം. മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാൻ വെറും ഇരുപത്തി രണ്ട് ദിവസങ്ങൾ മാത്രം അവശേഷിക്കെ ടെസ്‌റ്റിങ്ങ് ഗ്രൗണ്ട് സജ്ജമാക്കാനുള്ള യാതൊരുവിധ നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല.
മോട്ടോർ വാഹന വകുപ്പിന് സംസ്ഥാനത്താകെ 9 ഓട്ടോമാറ്റഡ് ഡ്രൈവിംഗ് ടെസ്‌റ്റ് കേന്ദ്രങ്ങളുണ്ട്. ഇവിടെയും ട്രാക്കുകൾ നിർദ്ദിഷ്‌ട രീതിയിലേക്ക് മാറ്റിയിട്ടില്ല. 77 ആർടിഒകളിലും ട്രാക്ക് സജ്ജീകരിക്കാൻ ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ല. ടെസ്‌റ്റിങ്ങ് ട്രാക്കിലെ മാറ്റങ്ങൾക്ക് പുറമെ ടെസ്‌റ്റിന് എത്തുന്ന അപേക്ഷകർക്ക് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.
നിർദ്ദിഷ്‌ട രീതിയിൽ ടെസ്‌റ്റിങ്ങ് ട്രാക്കുകൾ സജ്ജമാക്കുന്നതിന് ഭീമമായ ചെലവ് വരും. ട്രാക്കുകളുടെ നിർമ്മാണം ആരംഭിക്കാത്തതിനാൽ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിന് പ്രൊപ്പോസൽ പോലും നൽകിയിട്ടില്ല. അതിനാൽ തുക കണ്ടെത്തുന്നത് സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇതോടെ മന്ത്രിയുടെ നിർദേശങ്ങൾ മെയ് 1ന് എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ മോട്ടോർ വാഹന വകുപ്പ്.
സമചതുരാകൃതിയിൽ 13.5 സെന്‍റ് സ്ഥലം ഡ്രൈവിങ് ടെസ്‌റ്റ് ട്രാക്കിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി കണ്ടെത്തണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അപേക്ഷകർക്കും പൊതുജനങ്ങൾക്കുമുള്ള കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ളം, ശുചിമുറികൾ, വാഹന പാർക്കിങ് എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് ടെസ്‌റ്റിങ്ങ് ട്രാക്കിന് പുറമെ ഒരുക്കേണ്ടത്. തല്‍ക്കാലം പ്രതിദിന ഡ്രൈവിംഗ് ടെസ്‌റ്റുകളുടെ എണ്ണം നിജപ്പെടുത്താനാണ് മോട്ടോർ വാഹന വകുപ്പ് അലോചിക്കുന്നത്.
അതേസമയം പ്രതിദിനം 30ൽ അധികം ഡ്രൈവിങ്ങ് ടെസ്‌റ്റ് നടത്തേണ്ടതില്ലെന്ന നിർദ്ദേശമിരിക്കെ 70ൽ അധികം ടെസ്‌റ്റ് നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരുടെ പട്ടിക തയ്യാറാക്കി ഇവരോട് ഇതുസംബന്ധിച്ച വിശദീകരണം തേടും. ജനുവരി മുതലുള്ള കണക്കുകളാണ് ഇതുവരെ ശേഖരിച്ചത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുഖാന്തരം ആർടിഒ ഉദ്യോഗസ്ഥരാണ് റിപ്പോർട്ടുകൾ ആവശ്യപ്പെട്ടത്.
ALSO READ:വീണ്ടും വളയം പിടിച്ച് മന്ത്രി ഗണേഷ് കുമാര്‍, ഇത്തവണ ലെയ്‌ലാന്‍ഡിന്‍റെ പുതിയ ബസ്; ട്രയല്‍ റണ്ണില്‍ മന്ത്രിക്കൊപ്പം കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥരും - KB Ganesh Kumar Trial Run New Bus