വയനാട്: ചൂരൽമല - മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വയനാട്ടിൽ നവംബർ 19ന് യുഡിഎഫും, എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. ഇന്ന് ഡിസിസിയിൽ ചേർന്ന യോഗത്തിലാണ് യുഡിഎഫ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്‌ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടച്ചിടും. വാഹനങ്ങള്‍ നിരത്തിലിറക്കില്ല.
സമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നും മൂന്ന് നിയോജക മണ്ഡലത്തിലും കേന്ദ്ര സർക്കാരിനെതിരെ പോസ്റ്റോഫിസ് മാർച്ച് നടത്തുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. വയനാട്ടിലെ പുനരധിവാസം നീളുന്നത് കയ്യും കെട്ടി നോക്കിയിരിക്കാന്‍ ആകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. കേന്ദ്രസഹായം വൈകുന്നതിലും യുഡിഎഫ് അതൃപ്‌തി പ്രകടിപ്പിച്ചു.