വയനാട്: കൂടൽകടവിൽ ആദിവാസിയായ മധ്യവയസ്‌കനെ കാറിനൊപ്പം വലിച്ചിഴച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തു. പനമരം സ്വദേശികളായ വിഷ്‌ണു കെ, നബീൽ കമർ ടി പി എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവരും മാനന്തവാടി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കേസിൽ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരെ ഈ മാസം 26 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. വയനാട് മാനന്തവാടി കൂടൽ കടവിലാണ് വിനോദ സഞ്ചാരികളായ അക്രമിസംഘം ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേറിയത്.
ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളമാണ് മാതനെ വലിച്ച് ഇഴച്ചത്. മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ് മാതൻ. കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും മാതന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രതികൾ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് മാതൻ പ്രതികരിച്ചിരുന്നു.