കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണര്‍വേകി പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ സമാപനമായി.
വ്യത്യസ്‌തമായ ടൂറിസം പദ്ധതികളിലൂടെയും ഉത്പന്നങ്ങളിലൂടെയും ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ ഡെസ്‌റ്റിനേഷന്‍ എന്ന കേരളത്തിന്‍റെ സവിശേഷതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ കേരള ട്രാവൽ മാർട്ട്. ടൂറിസം വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് സഹായകമായ ബയേഴ്‌സ് -സെല്ലേഴ്‌സ് കൂടിക്കാഴ്‌ചകളും, ടൂറിസം പുരോഗതിക്ക് ഉതകുന്ന ഫലപ്രദമായ ചര്‍ച്ചകളുമാണ് കേരള ട്രാവൽ മാർട്ടിൽ നടന്നത്.
കെടിഎമ്മില്‍ നിന്ന് രൂപപ്പെട്ട ആശയങ്ങളും കാഴ്‌ചപ്പാടുകളും സംസ്ഥാനത്തെ ടൂറിസം പദ്ധതികളെയും ഉത്പന്നങ്ങളെയും കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത ടൂറിസം ഡയറക്‌ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. 'ടൂറിസം പ്രവര്‍ത്തനങ്ങളില്‍ നൂതന സാങ്കേതിക വിദ്യകളും പ്രാദേശിക സമൂഹത്തിന്‍റെ പങ്കാളിത്തവും ഒരുപോലെ പ്രയോജനപ്പെടുത്തുന്നത് കേരള ടൂറിസത്തിന്‍റെ കരുത്താണ്. ദശാബ്‌ദങ്ങളായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിന്ന് കേരള ടൂറിസം ഗണ്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ട്രാവല്‍ ആന്‍ഡ് ഹോസ്‌പിറ്റാലിറ്റി വ്യവസായത്തിന്‍റെ പ്രധാന സ്ഥാപനമെന്ന നിലയില്‍ കെടിഎം സൊസൈറ്റി ഈ വിജയകരമായ സഹകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന്' ശിഖ സുരേന്ദ്രന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കെടിഎം നടക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാനപദ്ധതിയായ ഉത്തരവാദിത്ത ടൂറിസം സൊസൈറ്റിയ്ക്ക് രണ്ട് ദേശീയ പുരസ്ക്കാരം ലഭിച്ചത്. കെടിഎം പാലിച്ചു വന്ന ഹരിതമാനദണ്ഡങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ട്രാവല്‍ മാര്‍ട്ട് ടൂറിസം സ്‌റ്റേക്ക്ഹോള്‍ഡേഴ്‌സിന്‍റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബയര്‍മാരുടെ എണ്ണത്തില്‍ ഇത്തവണ റെക്കോര്‍ഡ് സൃഷ്‌ടിക്കാനായി. യുകെ, യുഎസ്, യൂറോപ്യന്‍, ആഫ്രിക്കന്‍, ഈസ്‌റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, എന്നിവിടങ്ങളില്‍ നിന്ന് ഒട്ടേറെ ബയര്‍മാരെത്തി. ടൂറിസം ഡെസ്‌റ്റിനേഷന്‍ എന്ന നിലയില്‍ ഈ രാജ്യങ്ങള്‍ കേരളത്തിനു നല്‍കുന്ന പ്രാധാന്യമാണ് ബയര്‍മാരുടെ ഈ പങ്കാളിത്തം കാണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.