Vinod Will Arrive At Newly Built House, As Dead എറണാകുളം :പുതുതായി പണികഴിപ്പിച്ച സ്വന്തം വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പെയൊണ് ടിടിഇ കെ.വിനോദിനെ യാത്രക്കാരനായ രജനികാന്ത ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്. തിരുവനന്തപുരം സ്വദേശിയായ റെയിൽവെയിലെ ജീവനക്കാരനായ കെ.വിനോദ് വർഷങ്ങളായി എറണാകുളത്തായിരുന്നു താമസം. എന്നാൽ സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത് രണ്ടു മാസം മുമ്പാണ്.
അമ്മയോടൊപ്പം പുതിയ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് നരാധമനായ ഒരു ക്രൂരൻ്റെ കൈകളാൽ വിനോദിൻ്റ ജീവൻ അപഹരിക്കപ്പെട്ടത്. മഞ്ഞുമലിലെ പുതുമോടി മാറാത്ത വീട്ടിലേക്ക് ഇന്ന് (ഏപ്രിൽ 3) ഉച്ചയ്ക്ക് ശേഷം വിനോദിൻ്റെ ചേതനയെറ്റ ശരീരമാണ് എത്തിക്കുക. ബന്ധുക്കൾക്കും നാട്ടുകാർക്കും വിനോദിൻ്റെ വിയോഗം ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
ബുധനാഴ്‌ച വീട്ടിൽ തിരിച്ചെത്താമെന്നും സമീപത്തെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചായിരുന്നു വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വിനോദ് ജോലിക്കായി പോയത്. എന്നാൽ ഒരിക്കലും നിനച്ചിരിക്കാതെ മരണമെത്തി. മകൻ്റെ ദാരുണമായ ദുരന്തം പ്രിയപ്പെട്ട അമ്മയെ അറിയിച്ചത് പോലും ഏറെ വൈകിയാണ്. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുകൾ വിനോദിൻ്റെ മൃതദേഹം ഏറ്റുവാങ്ങും.
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. സഹപ്രവർത്തകരും റെയിൽവേ ഉദ്യോഗസ്ഥരും കർത്തവ്യ നിർവഹണത്തിനിടെ ക്രൂരമായി കൊലചെയ്യപ്പെട്ട ടിടിഇ വിനോദിന് അന്തിമോപാചാരം അർപ്പിക്കും. ഇതിനു ശേഷമായിരിക്കും മഞ്ഞുമ്മലിലെ വീട്ടിലേക്ക് കൊണ്ടുപോവുക. തുടർന്ന് വൈകുന്നേരത്തോടെ പൊതുശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.
സംഭവത്തിന് ശേഷം പിടിയിലായ പ്രതി ഒഡീഷ സ്വദേശി രജനികാന്തയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ടിടിഇ യുമായി വാക്കുതർക്കത്തിലേർപ്പെട്ട പ്രതി, കൊല്ലണമെന്ന ഉദ്ദേശത്തോടെ കെ.വിനോദിനെ പിന്നിൽ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
സംഭവം നടക്കുമ്പോൾ എസ് പതിനൊന്ന് കോച്ചിൻ്റെ വാതിലിന് സമീപം ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്ന ടിടിഇ കെ വിനോദിനെ പ്രതി പിന്നിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തൃശൂർ വെളപ്പായയിൽ എന്ന പ്രദേശത്ത് വെച്ചാണ് എറണാകുളം പാട്‌ന എക്‌സ്‌പ്രസ്(22643) ട്രെയിനിൽ നിന്നും ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ടിടിഇ കെ വിനോദിനെ യാത്രക്കാരനായ അതിഥി തൊഴിലാളി രജനികാന്ത തള്ളിയിട്ട് കൊലപ്പെടുത്തിയത്. വൈകുന്നേരം അഞ്ചര മണിയോടെ എറണാകുളത്ത് നിന്നും യാത്ര തിരിച്ച എറണാകുളം പാട്‌ന എക്‌സ്‌പ്രസ് എഴുമണിയോടെയായിരുന്നു തൃശൂരിലെത്തിയത്.
തൃശൂരിൽ നിന്നും എസ് പതിനൊന്ന് കോച്ചിലായിരുന്നു ടിടിഇ കെ വിനോദ് കയറിയത്. ഇതേ കോച്ചിലായിരുന്നു ടിക്കറ്റില്ലാതെ ഒഡീഷ സ്വദേശിയായ രജനികാന്തയും കയറിയത്. ടിക്കറ്റ് എടുക്കാതെ മദ്യപിച്ച് യാത്ര ചെയ്യുകയായിരുന്ന രജനികാന്തയോട് വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ കഴിയില്ലന്നും ടിടിഇ അറിയിച്ചിരുന്നു.
ഇതേ തുടർന്ന് ഇരുവരും തമ്മി വാക്കുതർക്കം ഉണ്ടായി. തുടർന്ന് പൊലീസിൽ വിവരമറിയിക്കാൻ ട്രെയിൻ വാതിലിന് സമീപത്ത് നിന്ന് ടിടിഇ ഫോണിൽ സംസാരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ പ്രതി രജനികാന്ത അപ്രതീക്ഷിതമായി ടിടിഇയെ പിന്നിൽ നിന്നും തള്ളിയിടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ ടിടിഇ വിനോദിൻ്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയും ചെയ്‌തു.
തലയടിച്ച് വീണ വിനോദ് തൽക്ഷണം മരിക്കുകയായിരുന്നു. അതേസമയം ആക്രമണം നടത്തിയ രജനികാന്തയെ യാത്രക്കാർ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് രജനികാന്തയെ പാലക്കാട് നിന്ന് റെയിൽവേ പൊലിസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ കെ.വിനോദ് ടെക്‌നിക്കൽ സ്‌റ്റാഫായാണ് റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്.
ഇരുപത് വർഷത്തോളമായി റെയിൽവേയിൽ സേവനം ചെയ്യുകയായിരുന്ന അദ്ദേഹം രണ്ട് വർഷം മുമ്പാണ് ടിടിഇ ആയത്. റെയിൽവേ ജീവനക്കാരുടെ സംഘടനാ ഭാരവാഹിയായ അദ്ദേഹം ഒരു കലാകരൻ കൂടിയായിരുന്നു. നിരവധി സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
സിനിമാ മേഖലയിൽ കൂടുതൽ സജീവമാകണമെന്ന ആഗ്രവും അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു നല്ല മനുഷ്യൻ എന്നാണ് എല്ലാവർക്കും വിനോദിനെ കുറിച്ച് പറയാനുള്ളത്. റെയിൽവേ ജീവനക്കാർക്കിടയിലും കലാരംഗത്തും വലിയ സൗഹൃദമുള്ള വ്യക്തി കൂടിയായിരുന്നു കെ വിനോദ്.
ALSO READ : ടിടിഇ വിനോദിന്‍റെ കൊലപാതകം; തള്ളിയിട്ടത് കൊല്ലാനുദ്ദേശിച്ച് തന്നെ, പൊലീസ് എഫ്ഐആർ പുറത്ത്