എറണാകുളം :ഓടുന്ന ട്രൈനിൽ നിന്ന് യാത്രക്കാരൻ തള്ളിയിട്ട് കൊലപ്പെടുത്തിയ എറണാകുളം സ്വദേശിയായ ടിടിഇ കെ വിനോദിൻ്റെ പോസ്‌റ്റ്‌മോർട്ടം ഇന്ന് നടക്കും. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സംഭവത്തിന് ശേഷം പിടിയിലായ പ്രതി ഒഡിഷ സ്വദേശി രജനികാന്തയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
ടിക്കറ്റ് ആവശ്യപെട്ടതിന് തുടർന്ന് ടിടിഇയുമായി വാക്ക് തർക്കത്തിലേർപ്പെട്ട പ്രതി, കൊല്ലണമെന്ന ഉദ്ദേശത്തോടെ കെ വിനോദിനെ പിന്നിൽ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. സംഭവം നടക്കുമ്പോൾ എസ് 11 കോച്ചിൻ്റെ വാതിലിന് സമീപം ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയത്.
അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശൂർ വെളപ്പായയിൽ എന്ന പ്രദേശത്ത് വച്ചാണ് എറണാകുളം പട്‌ന എക്‌സ്‌പ്രസ് (22643) ട്രെയിനിൽ നിന്നും ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ടിടിഇ കെ വിനോദിനെ യാത്രക്കാരനായ അതിഥി തൊഴിലാളി രജനികാന്ത തള്ളിയിട്ട് കൊലപ്പെടുത്തിയത്.
കൊലപാതകം ഇങ്ങനെ :വൈകുന്നേരം അഞ്ചര മണിയോടെ എറണാകുളത്ത് നിന്നും യാത്ര തിരിച്ച എറണാകുളം പട്‌ന എക്‌സ്‌പ്രസ് എഴുമണിയോടെയായിരുന്നു തൃശൂരിലെത്തിയത്. ഇവിടെ നിന്നും എസ് പതിനൊന്ന് കോച്ചിലായിരുന്നു ടിടിഇ കെ വിനോദ് കയറിയത്. ഇതേ കോച്ചിലായിരുന്നു ടിക്കറ്റില്ലാതെ ഒഡിഷ സ്വദേശിയായ രജനികാന്തയും കയറിയത്.
ടിക്കറ്റ് എടുക്കാതെ മദ്യപിച്ച് യാത്ര ചെയ്യുകയായിരുന്ന രജനികാന്തയോട് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ കഴിയില്ലന്നും ടിടിഇ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് പൊലീസിൽ വിവരമറിയിക്കാൻ ട്രെയിൻ വാതിലിന് സമീപത്ത് നിന്ന് ടിടിഇ ഫോണിൽ സംസാരിക്കുകയായിരുന്നു.
ഇത് മനസിലാക്കിയ പ്രതി രജനികാന്ത അപ്രതീക്ഷിതമായി ടിടിഇയെ പിന്നിൽ നിന്നും തള്ളിയിടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ ടിടിഇ വിനോദിൻ്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയും ചെയ്‌തു. തലയടിച്ച് വീണ വിനോദ് തൽക്ഷണം മരിച്ചതായാണ് പ്രാഥമിക നിഗമനം.
റെയിൽവേ പൊലീസിലെ ഉദ്യോഗസ്ഥർ എത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം ട്രാക്കിൽ നിന്നും മാറ്റിയത്. അതേസമയം ആക്രമണം നടത്തിയ രജനികാന്തയെ യാത്രക്കാർ തടഞ്ഞുവച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രജനികാന്തയെ പാലക്കാട് നിന്ന് റെയിൽവേ പൊലീസ് കസ്‌റ്റഡിയിലെടുക്കകയായിരുന്നു.
ALSO READ:കാസർകോട് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; വിദ്യാർഥിയ്ക്കായി തിരച്ചിൽ - MAN DIES AFTER FALLING FROM TRAIN
എറണാകുളം സ്വദേശിയായ കെ വിനോദ് ടെക്‌നിക്കൽ സ്‌റ്റാഫായാണ് റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്. ഇരുപത് വർഷത്തോളമായി റെയിൽവേയിൽ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ട് വർഷം മുമ്പാണ് ടിടിഇ ആയത്. റെയിൽവേ ജീവനക്കാരുടെ സംഘടന ഭാരവാഹിയായ അദ്ദേഹം ഒരു കലാകരൻ കൂടിയായിരുന്നു. കെ വിനോദ് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. റെയിൽവേ ജീവനക്കാർക്കിടയിലും കലാരംഗത്തും വലിയ സൗഹൃദമുള്ള വ്യക്തികൂടിയായിരുന്നു കെ വിനോദ്.