കോഴിക്കോട് : ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒൻപതിന് അർധരാത്രി 12 മുതല്‍ ആരംഭിക്കും. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്നലെ (മെയ് 29) കോഴിക്കോട് കലക്‌ട്രേറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി വിളിച്ചുചേർത്ത യോഗത്തില്‍ തീരുമാനിച്ചത്. ഈ കാലയളവില്‍ രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയർ ട്രോളിങ് അഥവാ ഡബിള്‍ നെറ്റ് കർശനമായി നിരോധിച്ചതായി യോഗം വ്യക്തമാക്കി. യന്ത്രവത്കൃത ബോട്ടുകള്‍ ഒന്നും തന്നെ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.
ജൂണ്‍ ഒൻപതിന് അർധരാത്രി 12 ന് മുൻപ് എല്ലാ യന്ത്രവത്‌കൃത ബോട്ടുകളും ഹാർബറില്‍ പ്രവേശിക്കണം. കേരളതീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒൻപതിന് മുൻപ് തീരം വിട്ടു പോകണം. ഇന്‍ബോർഡ് വള്ളങ്ങള്‍ ഒരു കാരിയർ വള്ളം മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.
തീവ്രതയേറിയ പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചുള്ളതോ മറ്റു നിരോധിത മാർഗങ്ങളിലൂടെയുള്ളതോ ആയ മത്സ്യബന്ധനം പാടില്ല. നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധനസാമഗ്രികള്‍ ഒഴിച്ചുള്ള യാതൊന്നും യാനങ്ങളില്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനോ പാടില്ലെന്നും യോഗം അറിയിച്ചു. ട്രോളിങ് സമയത്ത് ഹാർബറില്‍ കരക്കടുപ്പിച്ച ബോട്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷണം പോകാറുണ്ടെന്നും ബോട്ടുകള്‍ക്ക് കാവല്‍ ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.