മലപ്പുറം:നിലമ്പൂർ ചാലിയാർ പഞ്ചായത്ത് കാനക്കുത്ത് ചിരുത കോളനിയിൽ വൈദ്യുതി അണഞ്ഞിട്ട് രണ്ടു വർഷം. കാട്ടാനക്കൂട്ടം തമ്പടിക്കുന്ന വനപ്രദേശത്തുളള കോളനിയില്‍ മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിലുമാണ് ആളുകള്‍ രാത്രിയെ അതിജീവിക്കുന്നത്. പഴയ വീടുകളിൽ വൈദ്യുതി ഉണ്ടായിരുന്നെന്നും പുതിയ വീട് ലഭിച്ചതിന് ശേഷം ഇവ പുനസ്ഥാപിച്ചിട്ടില്ല എന്നുമാണ് കോളനി നിവാസികള്‍ പറയുന്നത്.
കരാറുകാരൻ തന്‍റെ ജോലി പൂര്‍ത്തിയാക്കിയിട്ടും വൈദ്യുതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പുതിയ വീടുകളില്‍ വൈദ്യുതി ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നും കോളനിവാസികള്‍ പറയുന്നു. എത്രയും പെട്ടെന്ന് വൈദ്യുതി ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുപ്രവർത്തകരുടെയും ആവശ്യം.
ഫോറസ്റ്റിന് നടുവില്‍ സ്ഥിതി ചെയ്യുന്ന കോളനിയില്‍ താമസിക്കുന്നത് അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ്. വെള്ളക (66), ശേഖരൻ അംബിക (48), വേലായുധൻ (64), ചിരുത (85), സുന്ദരൻ, ചിന്നമ്മു എന്നിവരടങ്ങുന്ന ആറു കുടുംബങ്ങളാണ് കോളനിയില്‍ നിലവില്‍ താമസിക്കുന്നത്. പ്രായാധിക്യം മൂലം കാടുനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ചിരുത കോളനിയില്‍ താമസിക്കുന്ന പലരും.
നിത്യസാധനങ്ങൾ വാങ്ങാന്‍ കോളനികളിലെ എല്ലാ ആളുകളും ചേർന്ന് ഒരു ഓട്ടോറിക്ഷക്കാരനെ ഏൽപ്പിച്ചു. ആ ഓട്ടോറിക്ഷയിലാണ് സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നത്. എന്നാൽ രാത്രികാലങ്ങളിൽ ആന ഇറങ്ങുന്ന ഇടമായത് കൊണ്ട് ഇവർക്ക് പുറത്തിറങ്ങാൻ ഒരാളെ വിളിച്ചാൽ വരാനുള്ള സാഹചര്യമല്ല.