കണ്ണൂര്‍:നിരവധി ചലച്ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിരുന്ന മാഹിയെ വീണ്ടും സിനിമാക്കാരുടെ ഇഷ്‌ട ലൊക്കേഷനാക്കാന്‍ നടപടികളാവശ്യപ്പെട്ട് വ്യാപാരി സമൂഹം രംഗത്തെത്തുന്നു. പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി മാഹി സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഇക്കാര്യമടക്കം ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.
ഒരു കാലത്ത് നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായിരുന്ന മാഹിയില്‍ ഭാരിച്ച ഫീസ് അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൈയൊഴിഞ്ഞതെന്ന് വ്യാപാരി നേതാവ് കെ കെ അനില്‍ കുമാര്‍ പറഞ്ഞു. 'നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമായതിനാല്‍ ഫീസ് നിശ്ചയിക്കുന്നതൊക്കെ ഉദ്യോഗസ്ഥരാണ്.
വ്യാപാരി നേതാവ് കെ കെ അനില്‍ കുമാര്‍ (ETV Bharat) മാഹിയിലെ പ്രാദേശിക ഭരണ സംവിധാനം നിലച്ചിട്ട് ദശവര്‍ഷക്കാലം കഴിഞ്ഞു. മയ്യഴിയുടെ വികസനകാര്യത്തിലെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് കെ കെ അനില്‍ കുമാര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ മാസം 19 -ാം തീയ്യതിയാണ് പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി മാഹിയില്‍ സന്ദര്‍ശനം നടത്തുന്നത്. സര്‍വ്വ രംഗത്തും മാഹി പിന്നോക്കാവസ്ഥ നേരിടുകയാണ്. ഉദ്യോഗസ്ഥ ഭരണമായതിനാല്‍ ഏതു കാര്യത്തിനും മാഹിക്ക് തലസ്ഥാനമായ പുതുച്ചേരിയെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഉള്ളത്.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന മാഹി റിവര്‍ വാക് വേ പാതി വഴിയില്‍ നില്‍ക്കുകയാണ്. മത്സ്യ ബന്ധന തുറമുഖത്തിന്‍റെ പണിയും പൂര്‍ത്തിയാകാതെ കിടക്കുന്നു. ചലച്ചിത്ര ചിത്രീകരണം നടത്താന്‍ നേരത്തെ എത്തിയിരുന്നവര്‍ പോലും മാഹിയെ കയ്യൊഴിയുകയാണ്. ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തിയ ഭാരിച്ച ഫീസാണ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ മാഹിയെ ഒഴിവാക്കാന്‍ കാരണം.
ഓഫിസ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും കടുത്ത വിഷമം നേരിടേണ്ടി വരികയാണ്. ടൂറിസം മേഖലയില്‍ അനന്ത സാധ്യതയുളള മാഹിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത നിലനില്‍ക്കുന്നു. ശക്തമായ ഒരു പ്രാദേശിക ഭരണ സംവിധാനം ഉദ്യോഗസ്ഥ ഭരണത്തില്‍ താറുമാറായി കിടക്കുകയാണ്. ഈ പ്രശ്‌നങ്ങളെല്ലാം മുഖ്യമന്ത്രിയുടെ മാഹി സന്ദര്‍ശനത്തില്‍ നേരിട്ട് അറിയിക്കും.' മുഖ്യമന്ത്രിയില്‍ നിന്നും അനുഭാവ പൂര്‍വ്വമായ നടപടി പ്രതീക്ഷിക്കുന്നതായും അനില്‍ കുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Also Read:ബിഎസ്എന്‍എല്ലിന്‍റെ ഈ പ്ലാന്‍ തകര്‍ക്കും; 797 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 300 ദിവസം വാലിഡിറ്റി