കേരളം

kerala

ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷന്‍; ഉത്തരവിറക്കി സർക്കാർ - PRISONERS SUSPENDED ON TP CASE

By ETV Bharat Kerala Team

Published : Jun 27, 2024, 12:57 PM IST

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ശിക്ഷായിളവ് നൽകാനുള്ളവരുടെ പട്ടികയില്‍ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളും ഉൾപ്പെട്ടത് കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ഉത്തരവിറക്കി.

TP CHANDRASEKHARAN CASE  ടി പി വധക്കേസ്  TP CASE  Prisoners suspended
TP Chandrasekharan (ETV Bharat)

തിരുവനന്തപുരം :ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ ഇളവ് നൽകാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിൻ്റെ ചുമതലയുള്ള ജോയിൻ്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റൻ്റ് സൂപ്രണ്ട് ഗ്രേഡ്- വൺ ബി ജി അരുണ്‍, അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫിസര്‍ ഒ വി രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്യാനാണ് ഉത്തരവ്. പ്രതിപക്ഷ നേതാവിന്‍റെ സബ്‍മിഷൻ നിയമസഭയിൽ വരുന്നതിനു മുൻപേയാണ് സർക്കാർ തീരുമാനം വന്നത്.

ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവിനുള്ള നീക്കം പ്രതിപക്ഷ നേതാവ് സബ്‌മിഷനായി ഉന്നയിച്ചതോടെ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റമുണ്ടായി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക് പോയതിനാൽ മുഖ്യമന്ത്രിക്ക് പകരം തദ്ദേശ മന്ത്രി എം ബി രാജേഷായിരുന്നു സബ്‌മിഷന് മറുപടി നൽകിയത്.

പ്രതിപക്ഷം ആരോപിക്കുന്ന തരത്തിൽ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ശിക്ഷായിളവ് നൽകാനുള്ളവരുടെ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പൊലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ലെന്നും എം ബി രാജേഷ് മറുപടിയായി പറഞ്ഞു.

എന്നാൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി തന്നെ ഉത്തരവ് പുറത്തിറക്കിയ ശേഷവും ടി പി ചന്ദ്രശേഖരൻ്റെ ഭാര്യയും വടകര എംഎൽഎ യുമായ കെ കെ രമയുടെ മൊഴി മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ നിന്നും രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്നും വാക്ക് ഔട്ട് നടത്തി. ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ സർക്കാർ ശ്രമം തുടരുന്നതിൻ്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനിൽ നിന്നും മൊഴി രേഖപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു. വിഷയം ഏറെ നേരം നിയമസഭയിൽ ഭരണ - പ്രതിപക്ഷ വാക്കേറ്റത്തിന് കാരണമായിട്ടുണ്ടായിരുന്നു.

Also Read:ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍: 900 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

ABOUT THE AUTHOR

...view details