മാഹിയിലെ മനോഹര കാഴ്‌ചകള്‍ (ETV Bharat) കണ്ണൂര്‍: തോരാതെ പെയ്‌തിറങ്ങുന്ന മഴയിലും മാഹിയിലെ കാഴ്‌ചകൾ കാണാൻ എത്തുന്നത് നിരവധി ആളുകളാണ്. ടാഗോര്‍ പാര്‍ക്കിലെ ഇരിപ്പിടങ്ങളില്‍ അറബിക്കടലും മയ്യഴിപ്പുഴയും സംഗമിക്കുന്ന ഇമ്പമേറിയ കാഴ്‌ച കാണാനാണ് മിക്ക സഞ്ചാരികളും ഇവിടെ എത്തുന്നത്. പാർക്കിനും മയ്യഴിപ്പുഴക്കും അതിരിട്ട് നടന്നാൽ കടലോരം വരെയെത്താം.
മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദന്‍ തന്‍റെ നോവലിലൂടെ അനശ്വരമാക്കിയ വെള്ളിയാംകല്ലിനെ കാണാനും അറിയാനും അഴിമുഖം വരെ എത്തുന്നവര്‍ നിരവധിയാണ്. സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രം എന്ന പേരില്‍ മയ്യഴിപ്പുഴയോരവും കടല്‍ കാഴ്‌ചകളുമെല്ലാം കുടുംബ യാത്രികരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
കടലും പുഴയും ഒരുക്കുന്ന കാഴ്‌ചകള്‍ തന്നെയാണ് ഇവിടെ വീണ്ടും വരാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. മാഹി പാലത്തിന് സമീപത്ത് നിന്നും ആരംഭിച്ച് മൂപ്പന്‍സ് ബംഗ്ലാവും കഴിഞ്ഞ് കടലോരം വരെ എത്തുന്ന നടപ്പാത. ഇളം കാറ്റേറ്റ് നടന്നു തീര്‍ക്കാം. നടന്നുകൊണ്ട് തന്നെ പുഴയും കടലും പാര്‍ക്കിലെ തണലിലൂടെ കണ്ടും അനുഭവിച്ചും തീര്‍ക്കാം.
ടാഗോര്‍ പാര്‍ക്കിലെ തണല്‍ മരങ്ങള്‍ക്ക് കീഴിലിരുന്ന് എം. മുകുന്ദന്‍ നോവലിലൂടെ അനാവരണം ചെയ്‌ത ചരിത്ര വസ്‌തുതകള്‍ കാണാം. പാര്‍ക്കിന് അഭിമുഖമായുള്ള മൂപ്പന്‍സ് ബംഗ്ലാവിന്‍റെ മതിലുകളില്‍ ചരിത്ര സംഭവങ്ങള്‍ ശില്‌പങ്ങളായി ഒരുക്കിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിന്‍റെയും മയ്യഴിയുടെ സ്വാതന്ത്ര പോരാട്ടത്തിന്‍റെയും സ്‌മാരകങ്ങള്‍ ടാഗോര്‍ പാര്‍ക്കില്‍ ദര്‍ശിക്കാം. ഫ്രഞ്ച് വിപ്ലവ സ്‌മാരകമായ മരിയാന്‍ പ്രതിമ അതീവ പ്രൗഢിയോടെ പാര്‍ക്കില്‍ നിലകൊള്ളുന്നു. ഫ്രഞ്ച് കോളനിയായപ്പോഴാണ് മാഹിയില്‍ മരിയാന്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്.
ഇതെല്ലാം കണ്ട് കഴിഞ്ഞാല്‍ ഫ്രഞ്ചുകാര്‍ മയ്യഴിയുടെ ഭരണം കയ്യാളിയ മൂപ്പന്‍സ് ബംഗ്ലാവിലും സന്ദര്‍ശനം നടത്താം. ഇന്ന് ഈ ബംഗ്ലാവ് മാഹിയുടെ പ്രാദേശിക ഭരണം നടത്തുന്ന അഡ്‌മിനിസ്റ്റേറ്ററുടെ ഓഫിസാണ്. ഗവണ്‍മെന്‍റ് ഹൗസ് മാഹി എന്ന പേരാണ് ബംഗ്ലാവിന് ഇപ്പോള്‍ നല്‌കപ്പെട്ടിരിക്കുന്നത്. ഈ മുഖ്യകവാടത്തിലൂടെ വേണം മൂപ്പന്‍സ് ബംഗ്ലാവിലെത്താന്‍.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നും വരുന്നവര്‍ക്ക് മാഹി പള്ളി സ്റ്റോപ്പിലിറങ്ങി മയ്യഴിപ്പുഴയോട് ചേര്‍ന്ന നടപ്പാതയിലെത്താം. ഇവിടെ നിന്നും കേവലം 80 മീറ്റര്‍ ദൂരം മാത്രമേയുള്ളൂ ദൂരം. കോഴിക്കോട് ഭാഗത്ത് നിന്നും എത്തുന്നവര്‍ക്ക് പള്ളിയുടെ എതിര്‍വശത്തെ സ്റ്റോപ്പിലിറങ്ങാം. ട്രെയിന്‍ വഴി വരുന്നവര്‍ക്ക് മാഹി റെയില്‍വേ സ്റ്റേഷനാണ് എളുപ്പം. അവിടെ നിന്നും ഓട്ടോയോ ടാക്‌സിയോ എടുത്ത് പുഴയോരത്ത് എത്താം. എന്നാല്‍ എല്ലാ ട്രെയിനുകള്‍ക്കും മാഹി സ്റ്റേഷനില്‍ സ്റ്റോപ്പില്ല. അതുകൊണ്ട് തലശ്ശേരിയില്‍ ഇറങ്ങുന്നവര്‍ ഇവിടെയെത്താന്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. ഏറ്റവും അടുത്ത വിമാനത്താവളം കണ്ണൂരാണ്.
Also Read : ഫ്രഞ്ച് വിപ്ലവ സ്‌മാരകമായ മരിയാന്‍; ഇത് ഫ്രഞ്ചുകാരുടെ ഉറുക്ക് കെട്ടലിന്‍റെ കഥ; ചരിത്രത്തിലേക്കൊരു എത്തിനോട്ടം