തിരുവനന്തപുരം :വയനാട്ടിൽ നിന്ന് പിടികൂടിയ പെൺ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. സൗത്ത് വയനാട് സബ് ഡിവിഷൻ മേഖലയിൽ നിന്ന് പിടികൂടിയ കടുവയേയാണ് വനം വകുപ്പ് തിരുവനന്തപുരം മൃഗശാലയ്ക്ക് കൈമാറിയത്. വയനാട് ചെതലത്ത് വനമേഖലയ്ക്കുള്ളിലെ മയിലമ്പാടി എന്ന പ്രദേശത്ത് ജനവാസമേഖലയിൽ ഭീതി വിതച്ചിരുന്ന പെൺ കടുവയേയാണ് വനം വകുപ്പ് പിടികൂടിയത് (Tigress Captured From Wayanad And Brought To Thiruvananthapuram Zoo).
കടുവയ്ക്ക് 6 വയസ് പ്രായമുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടിലേക്ക് തുറന്ന് വിടാൻ സാധിക്കാത്തതിനെത്തുടർന്നാണ് കൂടുതൽ സൗകര്യങ്ങളുള്ള തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്. വ്യത്യസ്‌ത സമയങ്ങളിലായി കടുവയുടെ ശരീരത്തിലെ പല ഭാഗങ്ങളിലും മുറിവുകളുണ്ടായിട്ടുണ്ട്.
നാല് കോമ്പല്ലുകളും നഷ്‌ടമായിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വൈറൽ രോഗങ്ങളായ പാർവോ, ഡിസ്‌റ്റംബർ എന്നിവ ഇല്ലെന്ന് കണ്ടെത്തി. ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമാണെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു. കടുവയെ മൃഗശാലയിൽ പ്രത്യേകം സജ്ജമാക്കിയ ക്വാറന്‍റൈൻ കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്.