തിരുവനന്തപുരം: വയനാട് പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ സ്ഥിരമായെത്തിയിരുന്ന കടുവ തിരുവനന്തപുരം മൃഗശാലയില്‍. കാടിന് പകരം ഇനി നാല് ചുമരുകളുള്ള കൂട്. കാട് വിട്ട് നാട്ടിലിറങ്ങി വിലസിയതാണ് 8 വയസുകാരിയായ ഈ പെണ്‍കടുവയ്ക്ക് വിനയായത്.
ഇനി മരണം വരെ മൃഗശാലയിലെ കൂട് തന്നെയായിരിക്കും ഈ കടുവയുടെ കാട്. വയനാട്ടില്‍ വനം വകുപ്പിന്‍റെ കൂട്ടില്‍ പിടിയിലായ കടുവയെ ഇന്ന് രാവിലെയാണ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ഏറെ നാള്‍ വയനാട് പുല്‍പ്പള്ളി, അമരക്കുനി ഭാഗത്തെ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്ന് ഒരു നാടിനെയാകെ വിറപ്പിച്ച കടുവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ രാവിലെ 10 മണിയോടെയാണ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്.
മ്യൂസിയം പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കവാടം വഴി മൃഗശാലയുടെ സര്‍വീസ് ഗേറ്റ് മാര്‍ഗമാണ് കടുവയെ എത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ കൂട് സ്ഥാപിച്ച ലോറിയെ ഒരു വെറ്ററിനറി ഡോക്‌ടര്‍ അടങ്ങിയ വൈദ്യ സംഘവും വനം വകുപ്പിന്‍റെ ആര്‍ആര്‍ടി സംഘവും അനുഗമിച്ചു. മൃഗശാലയിലെ മൃഗാശുപത്രിയിലാണ് കടുവയെ ആദ്യം പ്രവേശിപ്പിച്ചത്.
ഏകദേശം അര മണിക്കൂര്‍ നീണ്ട ശ്രമകരമായ പ്രയത്‌നത്തിലൂടെയാണ് മൃഗശാല, ഫോറസ്റ്റ്, ആര്‍ആര്‍ടി ഉദ്യോഗസ്ഥരടങ്ങിയ സംഘം കടുവയെ മൃഗശാലയിലെ ഇന്‍പേഷ്യന്‍റ് വാര്‍ഡിലേക്ക് മാറ്റിയത്. കൂട്ടിലേക്ക് മാറ്റുന്നതിനിടെ നിരവധി തവണ ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുവ ഗര്‍ജിച്ചു കൊണ്ട് ചാടിയടുത്തു.