വയനാട് :കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്‍റെ വീടിനടുത്ത് കടുവ (Tiger found in Wayanad). പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം കടുവയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട് (Tiger caught in CCTV Wayanad).
പള്ളിയില്‍ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി പറയുന്നത്. ഇന്ന് രാവിലെ 6.45ഓടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. അതുകൊണ്ടുതന്നെ നാട്ടുകാരില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. അതേസമയം ഒരാഴ്‌ചക്കിടെ തൃശിലേരിയുടെ വിവിധ ഭാഗങ്ങളിലും, പിലാക്കാവ് മണിയന്‍കുന്ന് പരിസരങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. രണ്ടാഴ്‌ച മുമ്പ് ഒണ്ടയങ്ങാടി എടമുണ്ടക്കുന്നില്‍ വാഴത്തോട്ടത്തില്‍ കടുവയുടെ വ്യക്തമായ കാല്‍പ്പാടുകള്‍ പതിഞ്ഞിരുന്നു.