തൃശൂർ:തൃശൂർ പൂരത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് അസിസ്‌റ്റന്‍റ് കമ്മിഷണർ സുദർശനെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ. പൂരം നിയന്ത്രിച്ച പൊലീസ് നേതൃത്വത്തിനെതിരെയുള്ള നടപടി പ്രശ്‌നം ഗുരുതരമായതിനാലാണ്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായവർക്ക് എതിരെ മാത്രമേ അന്തിമ നടപടി ഉണ്ടാവുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കി. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ പൊലീസ് കമ്മിഷണർ അങ്കിത്ത് അശോക്, അസിസ്‌റ്റന്‍റ് കമ്മിഷണർ സുദർശൻ എന്നിവരെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. തൃശൂർ പൂരത്തെ വിവാദങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നും, പേടിച്ച് ആളുകൾ പൂരത്തിന് വരാതിരിക്കുന്ന സ്ഥിതി വിശേഷമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. പൂരത്തിനിടെ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും കെ രാജൻ അറിയിച്ചു.