തൃശൂർ:തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ബിജെപി നേതാവ് ഗോപാലകൃഷ്‌ണൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് നിർദ്ദേശം. അതിനിടെ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചു.
പൊലീസ് ഇടപെടൽ മൂലം ആഘോഷങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായെന്നും എഴുന്നള്ളിപ്പ് വേളയിൽ അന്തരീക്ഷം മോശമായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഭക്തരെയും പൂര പ്രേമികളെയും പൊലീസ് കായികമായി നേരിട്ടു. സംഘർഷാവസ്ഥ ഒഴിവാക്കാൻ ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമായി ഒതുക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടര നൂറ്റാണ്ടായി മാറ്റമില്ലാതെ തുടരുന്ന ചടങ്ങുകൾ വൈകിയെന്നും തിരുവമ്പാടി കുറ്റപ്പെടുത്തി. പൂരം കലക്കാൻ ഗൂഢാലോചന നടന്നതായി തങ്ങൾക്ക് അറിയില്ലെന്ന് തിരുവമ്പാടി ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധി ലംഘിച്ച് ക്ഷേത്രത്തിലെ ആചാരങ്ങളിലും ഉത്സവങ്ങളിലും ഇടപെട്ടു. ഇത്തരം ഇടപെടലുകൾ ഒഴിവാക്കപ്പെടണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
Read More: കോടതി സർക്കുലറുകള്‍ കോൾഡ് സ്റ്റോറേജിലാണോ?; പൊതു ഗതാഗതം തടസപ്പെടുത്തിയ സിപിഎം ഏരിയ സമ്മേളനത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി