എറണാകുളം: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. പതിനാറാം തീയതി റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിനാണ് നിർദേശം നൽകിയത്. തൃശൂര്‍ പൂരത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസും സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
പതിനാറാം തീയതി വനം വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണം. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ 17ന് ഹൈക്കോടതി തീരുമാനമെടുക്കും. മദപ്പാടുള്ളതോ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതോ ആയ ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഡോക്‌ടർമാർക്ക് പുറമെ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ആനകളെ പരിശോധിക്കണം.
ഉത്സവകാലത്ത് ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ നേരത്തെ വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ട്.
ആനകളുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, മേളം, പടക്കം പൊട്ടിക്കൽ എന്നിവ പാടില്ല. മൂന്ന് മീറ്റർ പരിധിയിൽ ജനങ്ങളെ കടത്തി വിടരുത്.