കോഴിക്കോട്: കണിവെള്ളരിക്കയ്ക്ക് കളമൊരുക്കി തുടങ്ങാം. വിളവിൻ്റെ പൊന്നിൻ തിളക്കത്തിന് വിത്തിടാൻ ഇത് അനുയോജ്യ കാലം. കൊയ്‌തൊഴിഞ്ഞ വയലുകൾ, മണല്‍ കലര്‍ന്ന മണ്ണുള്ള പാടങ്ങള്‍, ജലാംശമുള്ള പറമ്പുകൾ തുടങ്ങി വീടിൻ്റെ ടെറസിലടക്കം വലിയ ചെലവില്ലാതെ കണിവെള്ളരി കൃഷി ചെയ്യാം.
കണിവെള്ളരി വിത്ത് വിതയ്‌ക്കുന്നത് എങ്ങനെ
ഉണങ്ങിക്കിടക്കുന്ന മണ്ണ് ഉഴുത് പാകപ്പെടുത്തി തടമെടുത്താണ് വ്യാവസായികമായി കണിവെള്ളരിയുടെ വിത്തിടുന്നത്. ഇതേ രീതിയിൽ മണ്ണ് പാകപ്പെടുത്തി ഗ്രോ ബാഗിലും വിത്ത് പാകാം. മേൽത്തരം വിത്തുകൾ തുണിയിൽ കിഴികെട്ടി വെച്ചാണ് മുളപ്പിക്കേണ്ടത്. ഒരു സെൻ്റ് സ്ഥലത്ത് നടാൻ മൂന്നുഗ്രാം വിത്ത് എന്നതാണ് ശാസ്ത്രീയമായ കണക്ക്. തുണിയിൽ അൽപ്പം ഈർപ്പം നിലനിർത്തി കൊണ്ടുപോകാൻ ശ്രദ്ധിക്കണം. മുളപൊട്ടിയാൽ തടമെടുത്ത് നടാം.
മണ്ണിനെ എങ്ങനെ കൃഷിയ്ക്കായി പാകപ്പെടുത്താം
മണ്ണിൽ വിത്ത് പാകുന്നതിന് മുൻപ് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഒരു സെൻ്റിൽ രണ്ട് കിലോ കുമ്മായം എന്ന കണക്കിൽ ചേർത്തിളക്കുന്നത് നല്ലതാണ്. ഓരോ തടത്തിലും അൽപ്പം ചവറിട്ട് കരിക്കുന്നത് അത്യുത്തമമായിരിക്കും. വെള്ളരിക്കയിൽ ഇല വന്ന് തുടങ്ങിയാൽ തടങ്ങളിൽ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കാം.
ചാണകം ചേർക്കുമ്പോൾ ട്രൈക്കോഡെർമ കലർത്തിയാൽ രോഗം പിടിപെടുന്നത് തടയാനാകും. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ചാണകവും കടലപ്പിണ്ണാക്കും കലർത്തി പുളിപ്പിച്ച ലായനി, ബയോഗ്യാസ് സ്ലറി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവ ആവശ്യത്തിന് ചേർത്തുകൊടുക്കാം.
വിളവ് മെച്ചപ്പെടുത്താനുള്ള വഴികൾ
പത്ത് ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം കൂടുമ്പോൾ തളിക്കുന്നത് കണിവെള്ളരിയുടെ തണ്ടിൻ്റെ വളർച്ചയും വിളവും മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. രാസവളം ഉപയോഗിക്കുകയാണെങ്കിൽ യൂറിയ 300 ഗ്രാം, മസൂറിഫോസ് 500 ഗ്രാം, പൊട്ടാഷ് 160 ഗ്രാം, എന്നിവ അടിവളമായി ചേർക്കാം. വള്ളി പടർന്ന് തുടങ്ങുമ്പോഴും പൂവിടുമ്പോഴും യൂറിയ രണ്ട് തവണകളായും ചേർക്കാം. ഒന്നിടവിട്ട് നനയ്ക്കുന്നത് നിർബന്ധമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെടികൾ പടരാൻ തറയിൽ ഓല മടൽ നിരത്തിയിട്ടു കൊടുക്കുന്നതാണ് അത്യുത്തമം. ഓലയില്ലെങ്കിൽ കുറ്റിച്ചെടികൾ വെട്ടിയിട്ട് നിരത്തിയാലും മതിയെന്ന് കഴിഞ്ഞ വർഷങ്ങളിലെല്ലാം കണി വെള്ളരി കൃഷിയിൽ വലിയ വിജയം നേടിയ സുരേഷ് കുമാർ പറഞ്ഞു. '' വിഷുവിന് കണി വയ്ക്കുന്നതുകൊണ്ടാണ് ആ പേര് വന്നത്. ഇപ്പോൾ തടമിട്ടാൽ വിഷു കഴിഞ്ഞ് മേയ് മാസം വരെ വിളവെടുക്കാം. കറിക്കും സാലഡിനും അച്ചാറിടാനും പച്ചയ്ക്ക് തിന്നാനുമെല്ലാം അത്യുത്തമാണ് ഈ വെള്ളരി''.
കണിവെള്ളരി ഇനങ്ങൾ
കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 'മൂടിക്കോട് ലോക്കൽ' ഒരിനം കണി വെള്ളരിയാണ്. വിത്ത് പാകി ഒരു മാസം കഴിയുമ്പോൾ ആദ്യം തന്നെ വിളവെടുക്കാൻ സാധിക്കുന്നു. പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ കണ്ടെത്തലായ 'അരുണിമ' ആണ് മറ്റൊരിനം. പൊതുവെ ചെറുതായിരിക്കും. കണിവെള്ളരിയുടെ ഇനമാണെങ്കിലും 2 മുതൽ 3 കിലോഗ്രാംവരെ തൂക്കം ലഭിക്കുമെന്നതാണ് അരുണിമയുടെ പ്രത്യേകത.
വീട്ടുകൃഷിക്കും വാണിജ്യ കൃഷിക്കും ഒരേപോലെ അനുയോജ്യമായ ഇനമാണ് 'സൗഭാഗ്യ'. ഇടത്തരം കായ്‌കൾ ഒരു മാസം കൊണ്ട് വിളവെടുക്കാൻ കഴിയും. കേരള കാർഷിക സർവകലാശാലയുടെ ഈ ഇനവും വികസിപ്പിച്ചെടുത്തതാണ്.
കീടങ്ങളെ തുരത്താനുള്ള വഴികൾ
കണിവെള്ളരി കൃഷിയെ നശിപ്പിക്കുന്ന ഈച്ച, വണ്ട് എന്നിവയെ തുരത്താൻ വേപ്പെണ്ണ എമൽഷൻ അസാഡിറാക്റ്റിൻ/ നിംബിസിഡിൻ കീടനാശിനികൾ ഉപയോഗിക്കാം. രണ്ട് മില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കിത്തളിച്ചാൽ കീടങ്ങളെ നശിപ്പിക്കാം. ഇലപ്പുള്ളി, മൊസൈക് രോഗങ്ങൾ കണ്ടാൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി ഊറ്റിയെടുത്ത് രണ്ടാഴ്‌ചയിലൊരിക്കൽ തളിക്കാം.
ജനുവരി അവസാനം മുതൽ മെയ് വരെ കർഷകർ വെള്ളരി കൃഷി ചെയ്യുന്ന കാലമാണ്. സ്വർണനിറമുള്ള കണിവെള്ളരി, കറിവെള്ളരി, സാലഡ് വെള്ളരി, മധുരവെള്ളരി, മൂക്കുമ്പോൾ പൊട്ടുന്ന പൊട്ടുവെള്ളരി എന്നിങ്ങനെയുള്ള എല്ലാ വെള്ളരികളും കേരളത്തിൽ സുലഭമാണെങ്കിലും സ്വർണത്തനിമയേകുന്ന കണിവെള്ളരി തന്നെയാണ് കേമൻ.
Also Read: പൊന്നുപോലെ നോക്കീട്ടും കള്ളിച്ചെടി പൂവിടുന്നില്ലേ?; പരിഹാരമിതാ.. - CACTUS FLOWERING TIPS
ഇത്ര എളുപ്പമായിരുന്നോ?!!!; മല്ലിയില മട്ടുപ്പാവില്‍ വിളയിക്കാം... - CORIANDER LEAVES GROWING TIPS