കോഴിക്കോട് :തൃശൂരിൽ സുരേഷ്ഗോപി ജേതാവായപ്പോള്‍ തകർന്നുപോയത് കെ മുരളീധരനാണ്. സദാസമയവും തുറന്ന് കിടന്നിരുന്ന കോഴിക്കോട്ടെ മുരളിയുടെ വീടിന്‍റെ ഗെയ്റ്റ് ഇപ്പോള്‍ ഉള്ളിൽ നിന്ന് കുറ്റിയിട്ടിരിക്കുകയാണ്. കെ മുരളീധരൻ വാതിലടച്ച് ഒറ്റയിരിപ്പാണ്. മുരളിയുടെ മുറ്റത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ലാതായി. ആരോടും പിണക്കമുണ്ടായിട്ടൊന്നുമല്ല, അമ്മാതിരി അടിയാണ് തൃശൂരിൽ നിന്ന് കിട്ടിയത്.
ഇനി മത്സരിക്കാൻ ഇല്ലെന്നും പൊതുരംഗത്തുനിന്ന് മാറി നിൽക്കുകയാണെന്നുപോലും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ വിളിച്ചിട്ടും വിഷമം മാറിയിട്ടില്ല. ഇതൊക്കെ കണ്ട് അനുനയിപ്പിക്കാൻ ഒരാൾ വരുന്നുണ്ട്. സാക്ഷാൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഒരുഗ്രൻ ഫോർമുലയുമായിട്ടാണ് വരവ് എന്നാണ് കേൾക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട് ഒഴിയുകയാണെങ്കില്‍ കെ മുരളീധരനെ പരിഗണിക്കുമെന്നെല്ലാമാണ് സൂചനകള്‍.
വടകരയിലും നേമത്തും തൃശൂരിലുമടക്കം പാര്‍ട്ടി പറഞ്ഞയിടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരനെ അങ്ങനെ കോൺഗ്രസ് കൈവിടില്ല. മുരളി തൃശൂരില്‍ സുരേഷ് ഗോപിയെ നേരിടാന്‍ പോയതിന്‍റെ ആനുകൂല്യം ശേഷിക്കുന്ന 18 മണ്ഡലങ്ങളിലും യുഡിഎഫിന് ഗുണം ചെയ്‌തിട്ടുണ്ട്. ആ നീക്കം, ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ ലഭ്യമാകാന്‍ അത് യുഡിഎഫിനെ തുണച്ചു. ഈ സാഹചര്യത്തിൽ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കണമെന്നാണ് ലീഗ് അടക്കമുള്ള മുന്നണി നേതാക്കള്‍പോലും പറയുന്നത്.