സുരേഷ് ഗോപിയുടെ ചുവരെഴുത്ത് ദൃശ്യങ്ങള്‍ തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന് തൃശൂർ ജില്ലയിലെ ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കം കുറിച്ച് സുരേഷ് ഗോപി. മതിലില്‍ താമര ചിഹ്നം വരച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. തൃശൂരിലെ കൂർക്കഞ്ചേരി വലിയാലുക്കലിലെ ചുവരിലാണ് സുരേഷ് ഗോപി താമര വിരിയിച്ചത്.
ചുവരില്‍ താമരയുടെ പകുതി ഭാഗം വരച്ച സുരേഷ് ഗോപി ചിത്രം വരച്ച് പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ സ്ഥാനാര്‍ഥിയുടെ പേര് പറയാതെയുള്ള പ്രചാരണമാണ് നടക്കുന്നത്. ചുവരെഴുത്ത് നടത്തുന്നവര്‍ക്ക് ഒരു പ്രചോദനമാകാന്‍ വേണ്ടിയാണ് ചുവരെഴുതിയെന്ന് സുരേഷ് ഗോപി പറഞ്ഞു.
താരപ്രചാരണം: 'ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ചുവരെഴുതിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിന് താഴെ പേരെഴുതുമെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെയുള്ള പ്രചാരണം ലോക്‌സഭ തെരഞ്ഞെടുപ്പിന് നേട്ടമാകുമോ എന്ന ചോദ്യത്തിന് അത്തരത്തിലൊന്നും പറയാന്‍ കഴിയില്ലെന്നും അന്ന് നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം വാഗ്‌ദാനങ്ങളായി തന്നെ നിലനില്‍ക്കുന്നുണ്ടെന്നും താരം മറുപടി നല്‍കി.
രാജ്യത്തുണ്ടായ ബിജെപി തരംഗം കേരളത്തിലും തൃശൂരിലും ഉണ്ടാകും. രാജ്യത്തിന്‍റെ വിശ്വാസം കേരളത്തിന്‍റെ വിശ്വാസമായി മാറിയാല്‍ സാക്ഷാത്‌കാരത്തില്‍ വരുമ്പോള്‍ കേരളത്തിനും അതിന്‍റെ പങ്ക് കിട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് അധിക സമയം കാത്തിരിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു'. തൃശൂരില്‍ സുരേഷ് ഗോപി തന്നെയാണ് ബിജെപി സ്ഥാനാര്‍ഥിയെന്നാണ് സൂചന.