തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു. സംസ്ഥാന-ദേശീയ നേതൃത്വങ്ങളുമായി ഡൽഹിയിൽ ചര്‍ച്ച നടത്തി തിരിച്ചെത്തിയ ശേഷമാണ് ജോസ് വള്ളൂർ രാജി പ്രഖ്യാപിച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്‍റും അറിയിച്ചു.
ഇന്ന് നടന്ന ഡിസിസി ഭാരവാഹിയോഗത്തിൽ ജോസ് വളളൂർ രാജിവച്ചതായി അറിയിക്കുകയായിരുന്നു. ഡിസിസി ഓഫീസിലെത്തിയ ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ജോസ് വളളൂരിനനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രവർത്തകർ രംഗത്തെത്തി. ഇത് വീണ്ടും ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്‌ടിക്കുകയും ചെയ്‌തു.
അതിനിടെ, തൃശൂരിലെ കോൺഗ്രസ് തോൽവിയിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുൻപിൽ പ്രസിഡന്‍റ് ജോസ് വള്ളൂരിന് ഐക്യദാർഢ്യമറിയിച്ചാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ യഥാർത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്.