തൃശൂർ:മലയാളികൾ ആകാംഷയോടെ ഉറ്റുനോക്കിയ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിൽ ഒടുവിൽ താമര വിരിഞ്ഞു. അട്ടിമറി വിജയത്തോടെ കേരളത്തിലെ ആദ്യത്തെ ബിജെപി എംപിയായി സുരേഷ് ഗോപി മാറും. കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരനെയും ഇടത് സ്ഥാനാർഥി വി എസ് സുനിൽകുമാറിനെയും പിന്നിലാക്കി 75,079 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി മണ്ഡലത്തിൽ വിജയിച്ചത്. 40,92,39 വോട്ടാണ് അദ്ദേഹം പെട്ടിയിലാക്കിയത്. രണ്ടാമതുള്ള എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിന് 3,341,60 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന് 32,4431 വോട്ടുകളും ലഭിച്ചു.
2004 ൽ കേരളത്തിൽ നിന്ന് എൻഡിഎ മുന്നണിക്ക് ഒരു എംപിയുണ്ടായിട്ടുണ്ടെങ്കിലും അന്ന് ജയിച്ച് വാജ്‌പേയി മന്ത്രിസഭയിൽ അംഗമായ പി സി തോമസ് ബിജെപി സ്ഥാനാർഥിയായിരുന്നില്ല. തോമസ് പിന്നീട് എൻഡിഎ വിടുകയും ചെയ്‌തു. അതിനുശേഷം തുടർന്നിങ്ങോട്ട് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലൊന്നും ബിജെപിക്ക് കേരളത്തിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോൾ സുരേഷ് ഗോപി വിജയിച്ച തൃശൂരിന്‍റെ കാര്യമെടുത്താൽ 2019 ൽ സുരേഷ് ഗോപി ആദ്യമായി മത്സരിക്കുന്നതുവരെ ബിജെപിക്ക് വിദൂര വിജയ സാധ്യത പോലും ഇല്ലാതിരുന്ന മണ്ഡലമാണ്. തൊട്ടുമുമ്പുനടന്ന 2014 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ പി ശ്രീശൻ 102,681 വോട്ട് മാത്രമാണ് നേടിയത്. അത് വെറും 11.15 ശതമാനം വോട്ടായിരുന്നു.
എന്നാൽ സുരേഷ് ഗോപി ആദ്യമായി മത്സരിച്ചപ്പോൾ വോട്ട് ശതമാനം കുത്തനെ ഉയർന്നു. 2,93,822 വോട്ടാണ് സുരേഷ് ഗോപി കന്നിയങ്കത്തിൽ നേടിയത്. വോട്ട് ശതമാനം 28.19 ആയി കുത്തനെ ഉയർന്നു. തുടർന്നങ്ങോട്ട് മണ്ഡലം കേന്ദ്രീകരിച്ച് സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങൾ വോട്ടായ കാഴ്‌ചയാണ് തൃശൂരിൽ കാണ്ടത്. തോറ്റിട്ടും മണ്ഡലത്തിലെ കാര്യങ്ങളിലെല്ലാം ഇടപെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷവും സജീവമായിരുന്നു സുരേഷ് ഗോപി. രാജ്യസഭ എംപിയെന്ന നിലയിൽ മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
എതിർ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇക്കുറി സുരേഷ് ഗോപി തൃശൂരിൽ വിജയം കൊയ്‌തത്. അർഹിച്ച വിജയം എന്നാണ് സുരേഷ് ഗോപിയുടെ മുന്നേറ്റത്തെ തൃശൂരുകാർ വിശേഷിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുവന്ന് പ്രചാരണം നടത്തിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പ് മോദി അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതും തൃശൂര്‍ മണ്ഡലത്തിലായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് മഹിള മോര്‍ച്ചയുടെ നാരീ ശക്തി മോദിക്കൊപ്പം എന്ന വനിതാസംഗമത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി പ്രചാരണത്തിന് തുടക്കമിട്ടത്.
അതുകൂടാതെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. ഒരു കാരണവരുടെ സ്ഥാനത്തുനിന്നാണ് പ്രധാനമന്ത്രി വിവാഹം നടത്തിക്കൊടുത്തത്. ഇതെല്ലാം സുരേഷ് ഗോപി പ്രധാനമന്ത്രിയുടെ വളരെ വേണ്ടപ്പെട്ടയാളാണെന്ന പ്രതീതി ജനിപ്പിച്ചു.
പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ തൃശൂരിലെത്തി റോഡ് ഷോയിലും റാലിയിലുമൊക്കെ പങ്കാളികളായി. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണി ഭരണം മാത്രം കണ്ട മലയാളി വോട്ടര്‍മാര്‍ക്കിടയിലേക്ക് പുതിയ വികസന ഭരണ മാതൃക പരിചയപ്പെടുത്താന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തിയത് കൗതുകമായി. ഭക്തിയും മതവുമല്ല വികസനവും രാഷ്‌ട്രീയവും മാത്രമാണ് പ്രധാനമന്ത്രി കേരളത്തിലെ റാലികളിലും പൊതുയോഗങ്ങളിലും മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും വരെ പരാമര്‍ശിച്ചത്.
മോദി പ്രഭാവത്തിനൊപ്പം സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം കൂടി ചേർന്നപ്പോൾ തൃശൂരിന്‍റെ ജന്മനസ്സ് രാഷ്‌ട്രീയം നോക്കാതെ താമര ചിഹ്നത്തിൽ വോട്ട് ചെയ്‌തു എന്നുവേണം ഈ മുന്നേറ്റത്തിൽ നിന്ന് മനസ്സിലാക്കാൻ. മണ്ഡലത്തിൽ നിർണായകമായ ക്രിസ്‌ത്യൻ വോട്ടുകളടക്കം സുരേഷ് ഗോപിക്ക് നേട്ടമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
മണ്ഡലത്തിലെ 24.27 ശതമാനം വരുന്ന ക്രിസ്‌ത്യന്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങൾ സുരേഷ് ഗോപി നടത്തി. ലൂര്‍ദ് മാത പള്ളിയിലേക്ക് സ്വര്‍ണ കിരീടം നേര്‍ന്നും സഭാമേലധികാരികളുടെ ആശിര്‍വാദം നേടിയും പള്ളിപ്പെരുന്നാളുകളില്‍ പങ്കെടുത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായുമൊക്കെ സുരേഷ് ഗോപി തൃശൂരില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു.
കരുതലോടെ നടത്തിയ ഈ നീക്കം കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. തൃശൂര്‍ പോലെ 24.27 ശതമാനം ക്രിസ്‌ത്യന്‍ വോട്ടുകളുള്ള മണ്ഡലത്തില്‍ ഈ നീക്കം നിര്‍ണായകമായി. സിപിഎം നടത്തുന്ന സഹകരണ ബാങ്ക് അഴിമതിയുടെ മുഖമായി കരുവന്നൂര്‍ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിയും സുരേഷ് ഗോപിയും നടത്തിയ ശ്രമങ്ങളും തെരഞ്ഞെടുപ്പ് ബഹളത്തെ സ്വാധീനിച്ചിട്ടുണ്ടെന്നുവേണം കരുതാൻ.