കണ്ണൂർ: തൃശൂർ എടിഎം കവർച്ചാകേസിലെ പ്രതികളെ പിടികൂടാൻ സഹായകമായത് കണ്ണൂർ കവർച്ച മോഡൽ അന്വേഷണം. മൂന്നരവർഷം മുന്‍പ് കല്യാശേരിയിലെ മൂന്ന് എടിഎമ്മുകളിൽ നിന്ന് കാൽകോടി രൂപ നഷ്‌ടപ്പെട്ടിരുന്നു. എസ്ബിഐ എടിഎം തകർത്ത് 18,05,900 രൂപയും ഒരുകിലോമീറ്ററകലെ മാങ്ങാട്ടെ ഇന്ത്യ എടിഎമ്മിൽനിന്ന് 1,75,500 രൂപയും നാലുകിലോമീറ്റർ അകലെ ഇരിണാവ് പിസിആർ ബാങ്കിൻ്റെ എടിഎം തകർത്ത് 4,30,500 രൂപയുമടക്കം 24,10,900 രൂപയാണ് നഷ്‌ടമായത്.
ഇതിന് സമാനമായതായിരുന്നു വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 27) പുലർച്ചെ തൃശൂരിൽ നടന്ന എടിഎം കവർച്ചയും. കല്യാശേരിയിലെ കവർച്ചയുടെ പിന്നിലും ഉത്തരേന്ത്യൻ കവർച്ചാസംഘമായിരുന്നു. രക്ഷപ്പെട്ടത് സമാനമായി കണ്ടെയ്‌നർ ലോറിയിലായിരുന്നു. തൃശൂരിലേത് പോലെ പുലർച്ചെ രണ്ടുമണിക്കാണ് മൂന്ന് എടിഎമ്മുകളും ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തത്. തൃശൂരിൽ കവർച്ചയ്ക്കു മുൻപ് മുഖം മൂടി ധരിച്ച് ക്യാമറകൾക്ക് സ്പ്രേ പെയിൻ്റ് ചെയ്തെങ്കിൽ കണ്ണൂരിൽ തെളിവ് നശിപ്പിക്കാൻ തീയിടുകയായിരുന്നു.
കേസന്വേഷണത്തിനായി അന്നത്തെ ഡിവൈഎസ്‌പി പിപി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ രൂപവത്‌കരിച്ച പ്രത്യേക സംഘമാണ് കവർച്ചാസംഘത്തെ പിടിച്ചത്. ഒരാഴ്‌ചയ്ക്കുള്ളിൽ കവർച്ചാസംഘത്തെ വലയിലാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഒരു കണ്ടെയ്‌നർ ലോറിയുടെ സാന്നിധ്യം കണ്ടതോടെയാണ് പ്രതികളെ പിന്തുടരാൻ പൊലീസിന് സാധിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും