തൃശൂർ :തൃശൂരിലെ എടിഎം കവർച്ചയിലെ പ്രതികളെ എടിഎം സെന്‍ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷൊർണൂർ റോഡിലുള്ള എസ്ബിഐ എടിഎമ്മിലാണ് തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചത്. മോഷണത്തിൽ നേരിട്ട് പങ്കുള്ള നാല് പ്രതികളെയാണ് തെളിവെടുപ്പിനെത്തിച്ചത്.
തൃശൂർ എസിപി ഉൾപ്പെടെയുള്ള വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. എസ്ബിഐ എടിഎം സെന്‍ററിലെ തെളിവെടുപ്പിന് ശേഷം താണിക്കുടത്തേക്കും പ്രതികളെ എത്തിച്ചു. പ്രതികൾ മോഷ്‌ടിക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ആയുധങ്ങൾ താണിക്കുടം പുഴയിൽ നിന്നും കണ്ടെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോഷണശേഷം പ്രതികൾ വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ താണിക്കുടം പുഴ പാലത്തിൽ കാർ നിർത്തി ആയുധം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫയർഫോഴ്‌സിന്‍റെ സ്‌കൂബ ഡൈവേഴ്‌സ് എത്തിയാണ് പുഴയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തത്.
സെപ്‌റ്റംബർ 27ന് പുലർച്ചെയാണ് ഹരിയാനയിൽ നിന്നുള്ള ഏഴംഗ മോഷണ സംഘം തൃശൂരിലെത്തിയത്.ഇതിലെ അഞ്ചംഗ സംഘമാണ് മൂന്ന് എടിഎമ്മുകൾ തകർത്ത് 65 ലക്ഷം രൂപ കവർന്നത്.പുലർച്ചെ രണ്ടു മണിക്കും നാലു മണിക്കുമിടയിലാണ് മൂന്നു മോഷണവും നടന്നത്. മാപ്രാണം, തൃശൂർ ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് പണം മോഷ്‌ടിച്ചത്.
ആയുധങ്ങൾ പുഴയിൽ വലിച്ചെറിഞ്ഞ ശേഷം പട്ടിക്കാട് എത്തി അവിടെ കാത്തു കിടന്നിരുന്ന കണ്ടെയ്‌നർ ലോറിയിൽ മോഷ്‌ടിക്കാൻ ഉപയോഗിച്ച കാറും മോഷ്‌ടിച്ച പണവും സഹിതം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തമിഴ്‌നാട് നാമക്കല്ലിൽ വച്ചാണ് പ്രതികൾ പിടിക്കപ്പെട്ടത്. പിടിക്കപ്പെടുന്നതിനിടെ തമിഴ്‌നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിക്കുകയും ഒരാൾക്ക് കാലിൽ വെടിയേൽക്കുകയും ചെയ്‌തു.
തമിഴ്‌നാട്ടിലെ നിയമനടപടികൾ പൂർത്തീകരിച്ച് ഇന്നലെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് മോഷണ സംഘത്തെ തൃശൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ നിന്ന് പ്രതികളെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
കാലിൽ വെടിയേറ്റ ഒരു മോഷ്‌ടാവ് നിലവിൽ തമിഴ്‌നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കി അഞ്ച് പേരെയാണ് ഇന്ന് തൃശൂരിൽ എത്തിച്ചത്. പ്രതികൾ മോഷണം നടത്തിയ മറ്റു രണ്ടു എടിഎമ്മുകളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.
Also Read : എംടിയുടെ വീട്ടിലെ കവർച്ച; പാചകക്കാരിയും ബന്ധുവും പൊലീസ് കസ്‌റ്റഡിയിൽ - Accused Arrested In MT house theft