തിരുവനന്തപുരം : ജഡം അഴുകി നശിക്കാതിരിക്കാന്‍ മോര്‍ച്ചറികളിലാണ് ഫോര്‍മാലിനെന്ന രാസവസ്‌തു പ്രധാനമായി ഉപയോഗിക്കുന്നത്. ഭക്ഷ്യവിപണിയിലെത്തുന്ന മത്സ്യത്തിലെ ഫോര്‍മാലിന്‍റെ ഉപയോഗം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗത്തിലേക്ക് നയിക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഫോര്‍മാല്‍ഡിഹൈഡിന്‍റെ ദ്രാവക രൂപത്തിലുള്ള ഫോര്‍മാലിനെന്ന പദാര്‍ത്ഥം ചേര്‍ത്ത മത്സ്യം കണ്ടെത്താന്‍ ചിലവു കുറഞ്ഞ രീതി അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം, വഴുതക്കാട് വുമണ്‍സ് കോളജിലെ ഗവേഷക വിദ്യാര്‍ത്ഥിനി ഗൗരി എം.
വുമണ്‍സ് കോളജില്‍ തന്നെ നടന്ന സയന്‍സ് സ്ലാം എന്ന പരിപാടിയിലാണ് ചിലവു കുറഞ്ഞ രീതിയില്‍ മീനിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള ആശയം മുന്നോട്ടു വെച്ചത്. ഗവേഷണം പൂര്‍ത്തിയായാല്‍ ഒരു കിറ്റിന് ഒരു രൂപയില്‍ താഴെ മാത്രം വിലയിട്ട് വിപണിയില്‍ എത്തിക്കാനാകുമെന്ന് കോളജിലെ രസതന്ത്ര വകുപ്പിലെ പ്രൊഫസര്‍ സജി അലക്‌സ് ഇ ടി വി ഭാരതിനോട് പറഞ്ഞു.
മത്സ്യം വാങ്ങാന്‍ പോകുമ്പോള്‍ തന്നെ ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്താമെന്നതാണ് ഈ കിറ്റിന്‍റെ പ്രയോജനമെന്നു ഗവേഷക വിദ്യാര്‍ത്ഥിനി ഗൗരിയും പറയുന്നു. നാനോ ടെക്‌നോളജിയാണ് ഈ ഗവേഷണത്തിന് പിന്തുണ നൽകുന്നത്. തന്‍റെ ഗവേഷണത്തെ കുറിച്ചു ഗൗരി വിശദീകരിക്കുന്നു.
ഗ്രീക്കിലെ കുള്ളന്‍ നാനോ കണങ്ങള്‍
ഒരു മീറ്ററിന്‍റെ നൂറ് കോടിയില്‍ ഒരംശമാണ് നാനോ മീറ്റര്‍. വസ്‌തുക്കളുടെ നാനോ കണങ്ങള്‍ക്ക് അവയുടെ പൂര്‍ണ്ണാവസ്ഥയുടെ സ്വഭാവമായിരിക്കില്ല. വലിയൊരു വസ്‌തുവിനെ നാനോ കണമാക്കി മാറ്റുമ്പോള്‍ അവയുടെ ഉപരിതല വിസ്‌തീര്‍ണം വലുതാകും. വര്‍ദ്ധിച്ചു വരുന്ന ഉപരിതല വിസ്‌തീര്‍ണം നാനോ കണങ്ങളെ വ്യത്യസ്‌തവും പ്രത്യേകവുമായ മറ്റു പദാര്‍ത്ഥങ്ങളുമായി പ്രതികരിക്കാന്‍ സഹായിക്കുന്നു. വലുപ്പത്തിനനുസരിച്ച് നിറം മാറാനും നാനോ കണങ്ങള്‍ക്ക് കഴിയും.
സ്വര്‍ണത്തിന്‍റെ നിറമായിരിക്കില്ല അവയുടെ നാനോ കണങ്ങള്‍ക്ക്. വലുപ്പം കൂടുമ്പോള്‍ അവ ചുവപ്പില്‍ നിന്നും നീലനിറത്തിലേക്ക് മാറും. സ്വര്‍ണ ലോഹത്തിന്‍റെ നാനോ കണങ്ങളടങ്ങുന്ന ലായിനി ലാബില്‍ വികസിപ്പിച്ചതാണ് ഈ ഗവേഷണത്തിന്‍റെ ആദ്യ പടി. ഇവയെ 13 ഡയമിനോബെന്‍സിന്‍ അഥവാ ഡി എ എന്ന രാസപദാര്‍ത്ഥവുമായി സംയോജിപ്പിക്കും. സ്വര്‍ണ നാനോ കണങ്ങള്‍ ഡി എ യുമായി ചുറ്റപ്പെട്ട് അകന്നു നിൽക്കും. 20 നാനോ മീറ്റര്‍ മാത്രം വലുപ്പമുള്ള ചുവന്ന ലായിനിയാണ് സെന്‍സറായി പ്രവര്‍ത്തിക്കുന്നത്.
മത്സ്യത്തില്‍ ഫോര്‍മാലിന്‍ എങ്ങനെ കണ്ടെത്താം ?
ഫോര്‍മാലിന്‍ അടങ്ങുന്ന മത്സ്യവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ചുവപ്പില്‍ നിന്നും ലായിനിയുടെ നിറം നീലയാകും. ഡി എ യുമായി നാനോ കണങ്ങള്‍ അകന്നിരിക്കുമ്പോള്‍ സെന്‍സര്‍ ലായിനിക്ക് ചുവപ്പു നിറമായിരിക്കും. ഡി എ യും ഫോര്‍മാലിനും തമ്മില്‍ രാസപ്രവര്‍ത്തനമുണ്ടാകുമ്പോള്‍ ഡി എയും നാനോ കണങ്ങളും തമ്മിലടുക്കും ഇതു കൂടി ചേര്‍ന്ന് വലിപ്പം കൂടിയ നാനോ കണമായി മാറും. വലുപ്പം കൂടുന്നതോടെ സെന്‍സര്‍ ലായിനിക്ക് നീല നിറമായി മാറും. ഇങ്ങനെയാണ് മത്സ്യത്തിലെ ഫോര്‍മാലിന്‍ തിരിച്ചറിയാനാകുക.
കിലോയില്‍ 0.44 മില്ലിഗ്രാം ഫോര്‍മാലിന്‍ ചേര്‍ന്നാലും സെന്‍സര്‍ ലായിനിയുടെ നിറം മാറും. നിലവില്‍ ഫിഷറീസ് വകുപ്പ് ഇതിനായി ഒരു കിറ്റ് പുറത്തിറക്കുന്നുണ്ട്. എന്നാല്‍ വന്‍ തോതില്‍ മത്സ്യകച്ചവടം നടത്തുന്നവര്‍ മാത്രമാണ് ഇതു നിരന്തരം ഉപയോഗിക്കുന്നത്. പലര്‍ക്കും ഇങ്ങനെയൊരു കിറ്റ് തന്നെ ലഭ്യമാണെന്നറിയില്ല. തന്‍റെ ഗവേഷണം പൂര്‍ത്തിയാകുമ്പോള്‍ വിപണിയില്‍ കിറ്റിന്‍റെ രൂപത്തില്‍ ഇതു ലഭ്യമാക്കുമെന്ന് ഗൗരി പറയുന്നു.
Also Read : 60 സെന്‍റിൽ മത്സ്യകൃഷി ; ആദ്യ വിളവെടുപ്പിൽ ലഭിച്ചത് 800 കിലോയോളം മീനുകൾ