എറണാകുളം: തൃപ്പൂണിത്തുറ ചൂരക്കാട് അനധികൃത പടക്ക സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരതരമായ പരിക്കേറ്റവരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരതരമായ പരിക്കേറ്റ നാല് പേരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
തൃപ്പൂണിത്തുറ തീപിടുത്തം; ഗുരുതരമായി പരുക്കേറ്റവരെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു - തൃപ്പൂണിത്തുറ ചൂരക്കാട് തീപിടുത്തം
തൃപ്പൂണിത്തുറയിൽ പടക്കശാലയ്ക്ക് തീപിടിച്ച് ഗുരുതരമായി പരുക്കേറ്റ നാല് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Published : Feb 12, 2024, 4:36 PM IST
ഇതിൽ മൂന്നുപേരെ ഐ.സി.യു വിലും ഒരാളെ വാർഡിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഐ.സി.യു വിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമായി തുടരുകയാണ്. ദിവാകരൻ (55), ആനന്ദൻ (69), മടവൂർ ശാസ്‌താവട്ടം സ്വദേശി ആദർശ് (28), കൊല്ലം പാരിപ്പിള്ളി സ്വദേശി അനിൽ (49) എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്. ഇവർക്ക് വിദഗ്ദ്ധ ഡോക്‌ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുന്നതായി എറണാകുളം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
തൃപ്പൂണിത്തുറയിൽ ചൂരക്കാട് പ്രദേശത്ത് ഇന്ന് രാവിലെ 10.30 ഓടെയാണ് പടക്ക കടയിൽ സ്ഫോടനം ഉണ്ടായത്. ഒരാൾ മരിക്കുകുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഉഗ്രശബ്‌ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കാണ് കേടുപാടുകൾ ഉണ്ടായത്. പടക്കശാലയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനം പൂർണമായും നശിച്ചു. പൊലിസും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിദേയമാക്കി.