ഹൈദരാബാദ്: പുതിയ ഗോസ്റ്റ് സീരീസ് 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് റോൾസ് റോയ്‌സ്. 8.95 കോടി രൂപ എക്‌സ് ഷോറൂം വിലയുള്ള ആഡംബര കാറിന് പുതുക്കിയ ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പുതിയ അലോയ് വീലുകളും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ്, എക്സ്റ്റെൻഡഡ്, ബ്ലാക്ക് ബാഡ്‌ജ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. റോൾസ് റോയ്‌സിന്‍റെ കള്ളിനൻ സീരീസ് 2 ഇന്ത്യൻ വിപണിയിലെത്തി മാസങ്ങൾക്ക് ശേഷമാണ് ഗോസ്റ്റ് II സീരീസ് അവതരിപ്പിച്ചത്.
8.95 കോടി രൂപ പ്രാരംഭവിലയുള്ള ആഢംബര കാറിന്‍റെ എക്സ്റ്റൻഡഡ് വേരിയൻ്റിന് 10.19 കോടി രൂപയും ടോപ്പ്-സ്പെക്ക് ബ്ലാക്ക് ബാഡ്‌ജ് വേരിയൻ്റിന് 10.52 കോടിയുമാണ് വില. വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2025-ഓടെ കാർ ആവശ്യക്കാരിലേക്ക് എത്തിക്കാനാകും. ഡിസൈനിൽ കാര്യമായ മാറ്റങ്ങളുമായാണ് പുതുക്കിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈനിൽ മാറ്റം വരുത്തിയ ഫ്രണ്ട് പ്രൊഫൈൽ, ചെറിയ ഫ്രണ്ട് ഗ്രിൽ, പ്രൊജക്‌ടർ ഹെഡ്‌ലൈറ്റുകളിൽ കവർ ചെയ്‌തിരിക്കുന്ന എൽഇഡി ഡിആർഎൽ, ഇരുവശത്തേക്കും ടെയിൽലൈറ്റുകളുള്ള ഡിസൈൻ എന്നിങ്ങനെ ലുക്കിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ആഢംബര സെഡാന്‍റെ ഇൻ്റീരിയർ പരിശോധിക്കുമ്പോൾ ക്യാബിന് ഗ്രേ സ്റ്റെയിൻഡ് ആഷ്, ഡ്യുവാലിറ്റി ട്വിൽ തുടങ്ങിയ പുതിയ മെറ്റീരിയലുകൾ നൽകിയിട്ടുണ്ട്. മുഴുവൻ ഡാഷ്‌ബോർഡും ഉൾക്കൊള്ളുന്ന ഒരു പുതിയ ഗ്ലാസ് പാനലും നൽകിയിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ വാഹനത്തിന്‍റെ ബാഹ്യനിറത്തിന് ഉചിതമായാണ് നൽകിയിരിക്കുന്നത്. കൂടാതെ പുതുക്കിയ മോഡലിൽ ഇൻ-കാർ കണക്റ്റിവിറ്റിയുള്ള ഒരു അപ്‌ഗ്രേഡും ലഭിക്കും.
കാറിന്‍റെ പിൻസീറ്റിലിരിക്കുന്ന യാത്രക്കാരന് പിൻവശത്ത് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോടുകൂടിയ വയർലെസ് ഹെഡ്‌ഫോൺ ലഭിക്കും. 1400 W പ്രീമിയം സൗണ്ട് സിസ്റ്റവും പുതിയ മോഡലിൽ നൽകിയിട്ടുണ്ട്. പുതുക്കിയ റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2ന്‍റെ എഞ്ചിൻ പരിശോധിക്കുമ്പോൾ 6.75 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് കാറിൽ നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ്, എക്സ്റ്റൻഡഡ് വേരിയൻ്റുകൾ 555 bhp കരുത്തും 850 Nm ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം ടോപ്പ്-സ്പെക്ക് വേരിയൻ്റായ ബ്ലാക്ക് ബാഡ്‌ജ് 584 പവറും 900 Nm പീക്ക് ടോർക്കും നൽകും. മൂന്ന് വേരിയൻ്റുകളും 8-സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടോപ്പ്-സ്പെക്ക് വേരിയൻ്റിന് ഉയർന്ന ബ്രേക്കിങ് പോയിൻ്റ് ലഭിക്കും.
Also Read:
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- റോയൽ എൻഫീൽഡിനും ഹിമാലയനും എതിരാളി: പുതിയ അഡ്വഞ്ചർ ബൈക്കുമായി കവസാക്കി
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ