'ഏജ് ഈസ് ജസ്റ്റ് എ നമ്പർ'; 94-ാം വയസിലും ഫിറ്റാണ് കർഷകനായ രാമേട്ടൻ കാസർകോട്: രാമേട്ടാ എത്ര വയസായി എന്ന് ചോദിക്കുന്നവരോട് ഉടൻ മറുപടിയെത്തും 94 ആയി മോനെ എന്ന്. രാമേട്ടന്‍റെ ഈ ഉത്തരം വീട്ടിലെ കട്ടിലിൽ കിടന്നു കൊണ്ടോ കസേരയിൽ ഇരുന്നു കൊണ്ടോ അല്ല മരത്തിന്‍റെ മുകളിൽ നിന്നാണ്. അതെ രാമേട്ടന്
'ഏജ് ഈസ് ജസ്റ്റ് എ നമ്പർ' മാത്രമാണ്. അത് ജീവിതത്തിലൂടെ തെളിയിക്കുകയാണ് കാസർകോട് ചെറുവത്തൂർ സ്വദേശിയായ കർഷകൻ കല്ലംചിറ രാമൻ.
പ്രായം എത്രയായാലും വെറുതെയിരിക്കാൻ രാമേട്ടനാവില്ല. രാവിലെ ആറുമണിക്ക് തുടങ്ങുന്നതാണ് രാമേട്ടന്‍റെ ഒരു ദിവസം. 9 മണിയോടെ ഏതെങ്കിലും ഒരു ജോലിയിൽ മുഴുകിക്കൊണ്ട് വീടിനും പരിസരത്തും ഇദ്ദേഹം ഉണ്ടാകും. മരത്തിൽ മുളചാരി വെച്ച്, ഉയരങ്ങളിലേക്ക് പടർന്നു പൊങ്ങിയ വള്ളികളിൽ നിന്നും നിഷ്പ്രയാസം കുരുമുളക് പറിച്ചെടുക്കും.
വെയിൽ മൂത്തു തുടങ്ങുമ്പോഴേക്കും പണി അവസാനിപ്പിക്കും. ഭക്ഷണം കഴിഞ്ഞ് വിശ്രമിച്ച് വൈകുന്നേരത്തോടെ വീണ്ടും ജോലികളിൽ മുഴുകും. അറുപത് വയസ് കഴിഞ്ഞാണ് അത്യധ്വാനമുള്ള ജോലികൾ ഒഴിവാക്കി സ്വന്തം കൃഷിയിടത്തിലേക്ക് ഒതുങ്ങിയത്. മുമ്പ് നാട്ടിലെ പ്രധാനപ്പെട്ട നാടൻ പണിക്കാരിൽ ഒരാളായിരുന്നു രാമേട്ടനും.
ഇപ്പോൾ കുരുമുളകാണ് പ്രധാന കൃഷി. വലിയ വരുമാനമില്ലെങ്കിലും, കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഉള്ള കൃഷി നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് രാമേട്ടൻ പറയുന്നു. രാമേട്ടനെ കൂടാതെ 93 വയസുള്ള ഭാര്യ കല്യാണിയും രോഗബാധിതരായ മകളും പേരക്കുട്ടിയുമാണ് വീട്ടിലുള്ളത്. അവരുടെ ഏക ആശ്രയമാണ് ഈ തൊണ്ണൂറ്റിനാലുകാരൻ.
മറ്റുള്ളവർക്ക് മാതൃക കൂടിയാണ് രാമേട്ടന്‍റെ ജീവിതം.