തിരുവനന്തപുരം: ഇത്തവണത്തെ കേരള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ബമ്പര്‍ സമ്മാനം ഉരുള്‍പൊട്ടല്‍ കശക്കിയെറിഞ്ഞ വയനാട്ടിലേക്ക് എത്തിയത് തികച്ചും യാദൃശ്ചികതയായി. കേരളം മുഴുവന്‍ ഉറ്റു നോക്കിയ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിലെ യഥാര്‍ത്ഥ വിജയി ആരെന്ന് കണ്ടെത്താനായില്ലെങ്കിലും സമ്മാനമടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലാണെന്ന് ഉറപ്പായി.
തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബമ്പര്‍ ഭാഗ്യവാനെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നിര്‍വഹിച്ചത്. ധനമന്ത്രി ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ടെത്താന്‍ സ്വിച്ചില്‍ കൈ അമര്‍ത്തുമ്പോള്‍ കേരളം മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു.ടിജി 434222 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിഞ്ഞതോടെ വിജയി ആരെന്നറിയാനുള്ള ആകാംക്ഷയായി. വയനാട് പനമരത്തെ എസ് ജെ ലക്കി സെന്‍ര്‍ ഹോള്‍സെയില്‍ ലോട്ടറി ഏജന്‍റ്സ് കൊടുത്ത ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത് ബത്തേരിയിലെ നാഗരാജിന്‍റെ എന്‍ ജി ആര്‍ ലോട്ടറീസ് ആണെന്നും വ്യക്തമായി. അതോടെ വിജയി വയനാടാണെന്ന് വ്യക്തമായി. ഉരുള്‍പൊട്ടലില്‍ എല്ലാം തകര്‍ന്ന വയനാടിന് ഇത് അര്‍ഹിക്കുന്ന സാന്ത്വനമായെന്ന് നറുക്കെടുപ്പ് തല്‍സമയം വീക്ഷിച്ചവര്‍ അടക്കം പറഞ്ഞു. രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ പത്ത് സമ്മാനങ്ങളിലൊന്നും വയനാട്ടിലാണ് ലഭിച്ചത്.
പനമരത്തെ അനീഷ് കുമാറിന്‍റെ എസ് ജെ ലക്കി സെന്‍റര്‍ എന്ന ജില്ലാ ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എസ് ജെ ലക്കി സെന്‍ററില്‍ നിന്ന് ഈ ടിക്കറ്റ് വാങ്ങിച്ചത് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആര്‍ ലോട്ടറീസിലെ നാഗരാജനാണ്.സുല്‍ത്താന്‍ ബത്തേരി ടൗണില്‍ പതിനഞ്ച് വര്‍ഷമായി ലോട്ടറി കച്ചവടം നടത്തുന്ന നാഗരാജന്‍ ഒരുമാസം മുമ്പ് വിറ്റ ടിക്കറ്റാണിതെന്ന് ഓര്‍ത്തെടുക്കുന്നു.
"ആദ്യ ലോട്ടില്‍ വന്ന ടിക്കറ്റാണിത്. ആരാണ് വാങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. നിരവധി ആളുകള്‍ കടയില്‍ വരാറുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളും ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനം അടിച്ചതില്‍ വലിയ സന്തോഷം. " വി നാഗരാജ് ഇടിവി ഭാരതിനോട് പറഞ്ഞു.
ലോട്ടറി വരുമാനം പൊതുജന ക്ഷേമത്തിന്
ഒരു ലക്ഷത്തോളം പേര്‍ക്ക് ജീവിതമാര്‍ഗ്ഗത്തിനുള്ള വെളിച്ചമാകുന്ന കേരളാ ഭാഗ്യക്കുറി കാരുണ്യ പദ്ധതിയിലേയ്ക്ക് ചികിത്സാ സഹായമായും ലോട്ടറി ക്ഷേമനിധി വഴി ഏജന്റുമാരുടെ പെന്‍ഷന്‍, ചികിത്സാ സഹായം ഉള്‍പ്പെടെ ജീവിതങ്ങള്‍ക്ക് താങ്ങാകുന്ന ജനകീയ ലോട്ടറിയാണെന്നും ധനമന്ത്രി നറുക്കെടുപ്പിന് മുന്നോടിയായുള്ള ചടങ്ങില്‍ വ്യക്തമാക്കി. ലോട്ടറികച്ചവടക്കാര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ നല്കുന്നതില്‍ 33 കോടിരൂപ ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്. കുറഞ്ഞ തുകയുടെ ടിക്കറ്റിലൂടെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയാണ് സംസ്ഥാനത്ത് നല്‍കിവരുന്നത്.ലോട്ടറി വഴി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം വെറും മൂന്നു ശതമാനം മാത്രമാണ്. അതും സാമൂഹ്യ മേഖലകളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനും ഇടപെടുന്നതിനും സര്‍ക്കാര്‍ നടപടികളെടുത്തു വരുന്നു.ഭാഗ്യക്കുറി ഏജന്‍റുമാരുള്‍പ്പെടെയുള്ളവരില്‍ നിന്നും ലഭിച്ച അഭ്യര്‍ഥനകളുടെ അടിസ്ഥാനത്തില്‍ സമ്മാനഘടന പരിഷ്‌ക്കരിച്ചും കൂടുതല്‍ സമ്മനങ്ങളുറപ്പാക്കിയുമുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമത്തിനായി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി വരുകയാണെന്നും ജനങ്ങളുടെ പിന്തുണയോടെ ലോട്ടറി പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വി.കെ.പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വര്‍ഷത്തെ തിരുവോണം ബമ്പറില്‍ അച്ചടിച്ച 80 ലക്ഷം ടിക്കറ്റുകളില്‍ ആകെ 71,43,008 ടിക്കറ്റുകളാണ് ഇക്കുറി വിറ്റുപോയത്. ഒന്നാം സമ്മാനമായ 25 കോടിയ്ക്ക് പുറമെ 1 കോടി വീതം 20 പേര്‍ക്ക് ആകെ 20 കോടിയാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും 2 വീതം ആകെ 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ഒന്നാം സമ്മാനം ഉള്‍പ്പെടെ ആകെ സമ്മാനങ്ങള്‍ ഇത്തവണ 5,34,670 ആണ്.
പൂജാ ബമ്പര്‍ വിപണിയില്‍
12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ വി.കെ.പ്രശാന്ത് എംഎല്‍എയ്ക്ക് നല്‍കി ധനമന്ത്രി പ്രകാശനം ചെയ്തു.പുതുതായി റിലീസ് ചെയ്ത പൂജാ ബമ്പര്‍ ഭാഗ്യക്കുറിയും (BR 100) ആകര്‍ഷമായ സമ്മാനഘടനയുമായാണെത്തുന്നത്. 12 കോടി രൂപയാണ് പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്‍റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്‍റെ ടിക്കറ്റ് വില 300 രൂപയാണ്. പൂജ ബമ്പര്‍ നാളെ മുതല്‍ വിപണിയില്‍ ലഭ്യമാകും.
- ലോട്ടറിയടിച്ചാല്‍ വിജയിക്ക് കിട്ടുക
ഒന്നാം സമ്മാനമായും മറ്റും വാഗ്‌ദാനം ചെയ്യുന്ന തുക മുഴുവനായും ഭാഗ്യക്കുറി വിജയികള്‍ക്ക് ലഭിക്കില്ലെന്നത് വസ്തുതയാണ്. ആദായനികുതി വിഹിതവും സര്‍ചാര്‍ജും കഴിച്ചുള്ള തുകയാണ് വിജയികള്‍ക്ക് ലഭിക്കുകയെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. എന്നാല്‍ ഇതിനു പുറമേയാണ് ഏജന്‍റ് കമ്മിഷന്‍. തിരുവോണം ബംപർ ലോട്ടറി വാഗ്‌ദാനം ചെയ്യുന്ന ഒന്നാം സമ്മാനം 25 കോടി രൂപയാണ്. അതിലെ ഏജന്‍റ് കമ്മിഷനായ പത്ത് ശതമാനം ഓണം ബമ്പറിന്‍റെ കാര്യത്തില്‍ രണ്ടര കോടി രൂപ വരും.
ഒന്നാം സമ്മാനത്തുകയായ 25 കോടിയില്‍ ഏജന്‍റ് കമ്മിഷൻ കഴിച്ചുള്ള ഇരുപത്തിരണ്ടര കോടി രൂപയാണ് യഥാര്‍ഥത്തില്‍ ഭാഗ്യവാന് ലഭിക്കേണ്ട സമ്മാനത്തുക. എന്നാല്‍ ഈ തുകയില്‍ നിന്നാണ് ആദായ നികുതി കണക്കാക്കുക. 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നവര്‍ അടക്കേണ്ട ആദായ നികുതി 30 ശതമാനമാണ്. ആദായനികുതി 30 ശതമാനം കൂടി ലോട്ടറി വകുപ്പ് നേരിട്ട് ആദായ നികുതിയിനത്തില്‍ അടക്കും. ഇങ്ങിനെ ആറു കോടി എഴുപത്തഞ്ച് ലക്ഷം രൂപയാണ് ടി ഡി എസ് ഇനത്തില്‍ കുറയ്ക്കുക. ബാക്കി വരുന്ന 15 കോടി എഴുപത്തഞ്ച് ലക്ഷവും നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കില്ല.