കോട്ടയം:പെരിയ ഇരട്ടക്കൊലക്കേസ് വിധിയെ സ്വാഗതം ചെയ്‌ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ കുറ്റക്കാരൻ എന്ന് കണ്ടെത്തിയത് കേസ് സിബിഐ അന്വേഷിച്ചത് കൊണ്ടാണ്. സിബിഐ വന്നതിന് ശേഷമാണ് ആക്രമണത്തിന് ഉപയോഗിച്ച ആയുധം പൊലീസ് പരിശോധനക്കായി നൽകുന്നത്.
കേസിൻ്റെ ആരംഭ ഘട്ടത്തില്‍ വീഴ്‌ചയുണ്ടായി. മാതാപിതാക്കളുടെ ധീരമായ പോരാട്ടത്തിനാണ് ഫലം കണ്ടത്. സർക്കാർ ചെലവിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും സിബിഐ അന്വേഷണം നടക്കാതിരിക്കാൻ സിപിഎം 18 അടവും പയറ്റി പരാജയപ്പെട്ടുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
വെറുതെ വിട്ടവർക്കെതിരെയുള്ള നിയമപോരാട്ടം തുടരും. നവീൻ ബാബുവിൻ്റെ മരണത്തിലും സിപിഎം യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതാണ് കാണുന്നതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളായ 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിയിൽ സംതൃപ്‌തിയെന്ന് സത്യനാരായണനും, പിവി കൃഷ്‌ണനും. പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേർക്കും ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും ഇരുവരും വ്യക്തമാക്കി. കോടതി വിധിയെ കുറിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും, കൃപേഷിന്‍റെയും അച്ഛന്മാർ.
തങ്ങളുടെ പോരാട്ടം തുടരും. കുറ്റവിമുക്തരായ പ്രതികൾക്കെതിരെ നിയമ വിദഗ്‌ധരുമായി ആലോചിച്ച് അപ്പീൽ നൽകും. പതിനാല് പേരെയെങ്കിലും കുറ്റക്കാരെന്ന് തെളിയിക്കാൻ കഴിഞ്ഞതിൽ സംതൃപ്‌തിയുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെയെന്നും ശരത് ലാലിൻ്റെ പിതാവ് സത്യനാരായണൻ പറഞ്ഞു.
Read More: '10 പേരെ വെറുതെ വിട്ടതിൽ വേദനയുണ്ട്, പോരാട്ടം തുടരും'; പ്രതികരണവുമായി ശരത്ത് ലാലിന്‍റേയും കൃപേഷിന്‍റേയും അച്ഛന്മാര്‍ - PERIYA MURDER VICTIMS FAMILY