തിരുവനന്തപുരം :തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ - കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നഗരസഭ കൗൺസിൽ യോഗത്തിൽ വീണ്ടും ഭരണ പ്രതിപക്ഷ വാക്പോര്. നടുത്തളത്തിൽ പ്രതിഷേധിച്ച ബിജെപി കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. മേയറെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് പ്രമേയം അവതരിപ്പിച്ചുവെന്ന് ബിജെപി കൗൺസിലർ എം ആർ ഗോപൻ ആരോപിച്ചു.
ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ കെ എം സച്ചിൻ ദേവും കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റത്തിലേർപ്പെട്ടതിലാണ് മേയറെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് പ്രമേയം അവതരിപ്പിച്ചത്. നഗരസഭ കൗൺസിൽ യോഗത്തിന്‍റെ ചട്ടപ്രകാരം പുറത്ത് മേയർ കാണിച്ച കൊള്ളരുതായ്‌മ പ്രമേയമായി അവതരിപ്പിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗം ബഹിഷ്‌കരിച്ചതെന്നും എം ആർ ഗോപൻ പറഞ്ഞു. മാത്രമല്ല ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോണ്‍മെന്‍റ് പൊലീസിനോട് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.