കോഴിക്കോട്:മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്നിസ്വാർഥമായ ഈശ്വര സേവയ്ക്കുളള അംഗീകാരമാണെന്ന് വാസുദേവൻ നമ്പൂതിരി.പന്തീരാങ്കാവ് കൈമ്പാലം തിരുമംഗലത്ത് ഇല്ലത്തെ വാസുദേവൻ നമ്പൂതിരി 2012 മുതൽ 18 വരെ തുടർച്ചയായി മേൽശാന്തി തെരഞ്ഞെടുപ്പിലേക്ക് അപേക്ഷിക്കാറുണ്ട്. എന്നാൽ കൊവിഡ് എത്തിയതോടെ പിന്നീട് ഇതുവരെ അപേക്ഷിച്ചിരുന്നില്ല. പിന്നീട് ഒരു ഉൾവിളി പോലെ ഇത്തവണ വീണ്ടും അപേക്ഷിക്കാമെന്ന് തീരുമാനിച്ചു. അയ്യപ്പൻ്റെയും മാളികപ്പുറത്തമ്മയുടെയും അനുഗ്രഹം കൊണ്ട് മാളികപ്പുറം മേൽശാന്തിയായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടു.
പന്തീരാങ്കാവ് മഹാവിഷ്‌ണു ക്ഷേത്രം ചാലപ്പുറം ശ്രീകൃഷ്‌ണ ക്ഷേത്രം, ഒളവണ്ണ പാലക്കുറുമ്പ ഭഗവതി ക്ഷേത്രം, മാങ്കാവ് തൃശാല ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലായി കഴിഞ്ഞ 27 വർഷത്തോളമായി മേൽശാന്തിയായി പ്രവർത്തിക്കുന്നു. ഇന്നും പതിവുപോലെ മാങ്കാവ് തൃശാല ദേവീ ക്ഷേത്രത്തിലെ പൂജാകർമ്മങ്ങളിൽ ഏർപ്പെടുമ്പോഴാണ് മാളികപ്പുറത്തെ മേൽശാന്തിയായി തെരഞ്ഞെടുത്ത വിവരം അറിയുന്നത്.