കാസർകോട്:കവർച്ചയുടെ ഭീതിയിലാണ് കാസർകോട് ജില്ലയിലെ ആരാധനാലയങ്ങൾ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഇതിന് പിന്നില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന തിരുടര്‍ സംഘമാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
കാസർകോട്, മഞ്ചേശ്വരം മേഖലകളിലെ ആരാധനലായങ്ങളിലാണ് കവർച്ചയും കവർച്ചാശ്രമവും നടന്നത്. പ്രധാനമായും ക്ഷേത്ര ഭണ്ഡാരങ്ങളാണ് ഇക്കൂട്ടർ പൊളിക്കുന്നത്. മോഷണങ്ങൾക്കെല്ലാം പിന്നിൽ ഒരു സംഘം തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു.
ഇതിനിടയിൽ വ്യാപാര സ്ഥാപനങ്ങളും വീടുകളും കുത്തിത്തുറന്നുള്ള കവർച്ചയും നടക്കുന്നുണ്ട്. നാല് വ്യാപാര സ്ഥാപനങ്ങളിലും രണ്ട് വീടുകളിലും മോഷണം നടന്നിട്ടുണ്ട്.
എടനീരിലെ വിഷ്‌ണുമംഗലം ക്ഷേത്രത്തിൽ ഭണ്ഡാരം പൊളിച്ച് കവർച്ച നടന്നു. മഞ്ചേശ്വരം വൊർക്കാടി പാവളയിൽ പള്ളിയുടെ പ്രാർഥനാകേന്ദ്രത്തിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്നു. കൊറഗജ്ജ ദൈവസ്ഥാനത്തിന്‍റെ ഭണ്ഡാരപ്പെട്ടിയും പൊളിച്ചു. മാന്യ അയ്യപ്പ ഭജന മന്ദീരത്തിലും നെല്ലിക്കട്ട ശ്രീ നാരായണ ഗുരു മന്ദിരത്തിലും കവർച്ച നടന്നു.