കാസർകോട്: നാല്‍പ്പത്തിയഞ്ച് വർഷമായി തെയ്യം കെട്ടുന്നുവെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ സ്‌ഫോടനത്തിന്‍റെ ദൃക്‌സാക്ഷിയായ തെയ്യം കലാകാരൻ സുരേഷ് ബാബു അഞ്ഞൂറ്റാൻ. 'വലിയൊരു തീഗോളമാണ് ആദ്യം കണ്ടത്. ആ സമയം ക്ഷേത്ര മുറ്റത്ത് തെയ്യത്തിന്‍റെ തോറ്റം ഉണ്ടായിരുന്നു. സ്ഫോടനം നടന്നതിന് പിന്നാലെ ആകെ ബഹളമായിരുന്നു. പെട്ടെന്ന് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി' യെന്നും സുരേഷ് ബാബു ഇടിവി ഭാരതിനോട് പറഞ്ഞു.
വെടിക്കെട്ട് അപകടത്തെ തുടർന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം ഒഴിവാക്കി. ആയിരക്കണക്കിന് ആളുകൾ എത്തുന്ന സ്ഥലമാണ് അഞ്ഞൂറ്റമ്പലം വീരർകാവ്. ചെറിയ തോതിലുള്ള പടക്കം എല്ലാ വർഷവും ഇവിടെ പൊട്ടിക്കാറുണ്ടെന്നും ഇത്തവണ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
പുരാതന ക്ഷേത്രം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള അതി പുരാതനമായ ക്ഷേത്രമാണ് അഞ്ഞൂറ്റമ്പലം വീരർകാവ്. ഓരോ വർഷവും ആയിരക്കണക്കിനാളുകളാണ് ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. ഇന്ന് (ഒക്‌ടോബർ 29) പുലർച്ചെയാണ് തെയ്യങ്ങളുടെ പുറപ്പാട്. പട വീരൻ, പാടാർ കുളങ്ങര ഭഗവതി, വിഷ്‌ണു മൂർത്തി, ചൂളിയാർ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങൾ ആണ് കെട്ടിയാടാറ്. ഉത്തരമലബാറിൽ പത്താമുദയത്തിനാണ് (തുലാം 10) തെയ്യാട്ടക്കാലത്തിന് തുടക്കമാകുന്നത്. കാസർകോട് ജില്ലയിൽ വീരർ കാവിലാണ് ആദ്യം കളിയാട്ടം നടക്കുന്നത്. രണ്ട് ദിവസങ്ങളിലായാണ് മഹോത്സവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക