തൃശ്ശൂർ:രാഷ്ട്രീയ - സാംസ്‌കാരിക സാഹോദര്യമാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ ചരിത്രത്തിന്‍റെ വളവുതിരിവുകളാകെ പരിശോധിച്ചാൽ കാലത്തിന്‍റെ പുരോഗതിയിൽ കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ നിര്‍ണ്ണായകമായ പങ്കാണു വഹിച്ചിട്ടുള്ളതെന്ന് സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സമാനമായ ഇടപെടലുകള്‍ സാംസ്‌കാരിക രംഗത്തു നിന്നുണ്ടാവേണ്ട ഘട്ടമാണിതും. സാംസ്‌കാരം എന്നതു നമ്മുടെ സാമൂഹ്യ ജീവിതത്തിന്‍റെ മേൽപ്പുരയാവുന്നതേയുള്ളു. അതിനു തനിച്ചായി ഒരു നിലനിൽപ്പില്ല. അതങ്ങനെ നിലനിൽക്കണമെങ്കിൽ ശക്തിയുള്ള അടിത്തറ വേണം. ആ അടിത്തറ ഭൗതിക ജീവിത സാഹചര്യത്തിന്‍റേതാണ്. അത് അതിഗുരുതരമായ ഭീഷണികള്‍ നേരിടുകയാണ്.
സമ്പന്നവും സമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമാണു നമ്മുടെ സാംസ്‌കാരിക ചരിത്രം. അത് ഏകശിലാ രൂപിയല്ല. അതിനെ ഏകശിലാരൂപിയാക്കിയാൽ അതിനടിയിൽ വൈവിധ്യമാകെ ഞെരിഞ്ഞമര്‍ന്നു പോകും. സാംസ്‌കാരം സാംസ്‌കാരമല്ലാതായിത്തീരും. അതാണു ഫാസിസം. വിശ്വാസത്തെ വര്‍ഗ്ഗീയതയായും വര്‍ഗ്ഗീയതയെ ഭീകരതയായും ഒക്കെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ ജനാധിപത്യം ഫാസിസത്തിലേക്കു വഴുതി വീഴുകയാണ്. ഒരു ഭാഷ, ഒരു സാംസ്‌കാരം, ഒരു മതം, ഒരു ജീവിതക്രമം, ഒരേ ഭക്ഷണരീതി എന്നൊക്കെയുള്ള ഏകത്വത്തിന്‍റെ സാംസ്‌കാരം അടിച്ചേൽപ്പിക്കുമ്പൊഴും സംഭവിക്കുന്നത് അതു തന്നെയാണ്.
ഫെഡറൽ ഘടനയെക്കുറിച്ചുള്ള നമ്മുടെ സംവാദങ്ങള്‍ സാമ്പത്തിക രംഗത്തു മാത്രമായി പരിമിതപ്പെടേണ്ട ഒന്നല്ല. സാംസ്‌കാരിക രംഗത്തും ഫെഡറൽ സ്‌പിരിറ്റ് പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനയുടെ സത്തയാണത്. ഭാഷാപരവും വിശ്വാസപരവും ജീവിതശൈലീപരവും ഒക്കെയായ വൈജാത്യത്തിന്‍റെ നിലനിൽപ്പിന് ഗ്യാരന്‍റി നൽകുന്നുണ്ട് സാംസ്‌കാരിക രംഗത്തെ ഫെഡറലിസം.
ആ ഫെഡറലിസത്തെ തകര്‍ത്ത് യൂണിറ്ററി സമ്പ്രദായം കൊണ്ടുവന്നാലോ? നമ്മുടെ സാംസ്‌കാക വൈജാത്യവും അതിന്‍റെ അടിസ്ഥാനത്തിലുള്ള കലാ-സാഹിത്യങ്ങളും ഒക്കെ അപകടപ്പെടും. അതുണ്ടായിക്കൂട. അതുകൊണ്ടുതന്നെ ഫെഡറൽ ഘടനയ്ക്കു വേണ്ടിയുള്ള പോരാട്ടം സാമ്പത്തിക രംഗത്തു മാത്രമല്ല, സാംസ്‌കാരിക രംഗത്തും നടക്കണം. അധിനിവേശത്തിന്‍റെ സാംസ്‌കാരത്തെ ചെറുത്തുകൊണ്ടേ ഇതു സാധിക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മതമൈത്രിയുടെ, സഹവര്‍ത്തിത്വ ജീവിതത്തിന്‍റെ, സാഹോദര്യത്തിന്‍റെ ഒക്കെ ലാസ്റ്റ് ഔട്ട് പോസ്റ്റ് ആണ്. അതു വീണുപോയിക്കൂട. കേരളീയതയെ പരിരക്ഷിച്ചുകൊണ്ടു തന്നെ ഇന്ത്യ എന്ന വികാരത്തെ ശാക്തീകരിക്കാന്‍ കഴിയണം. കേരളത്തിന് ഒരു ഇടതുപക്ഷ മനസ്സുണ്ട്. ആ മനസ്സാണു കേരളത്തിൽ , മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പുരോഗതിയും ജീവിതസാഹചര്യങ്ങളും സൃഷ്‌ടിച്ചത്. കേരളത്തെ മതസൗഹാര്‍ദം മുതൽ ജീവിത നിലവാരം വരെയുള്ള കാര്യങ്ങളിൽ മാതൃകാ സംസ്ഥാനമാക്കിയത് .
കാര്‍ഷിക വ്യാവസായിക രംഗങ്ങളിലെ വളര്‍ച്ചയുടെ അടിസ്ഥാനത്തിൽ കൈവരിക്കുന്ന സാമ്പത്തിക മുന്നേറ്റവും കേരളത്തിന്‍റെ മാതൃകാപരമായ സാമൂഹ്യക്ഷേമ ഇടപെടലുകളും മാത്രമായിരിക്കില്ല ഈ നവകേരളത്തിന്‍റെ സവിശേഷത. അതിനൂതന മേഖലകളിൽ ഉള്‍പ്പെടെ മാറ്റുരയ്ക്കാന്‍ കഴിയുന്ന നമ്മുടെ യുവാക്കളുടെ ഉന്നതമായ മാനവ വിഭവ ശേഷിയും ലോകത്താകമാനം ശ്രദ്ധിക്കപ്പെടുന്ന കേരളത്തിന്‍റെ കലാ-കായിക-സാംസ്‌കാരിക സംഭാവനകളും നവകേരളത്തിന്‍റെ സവിശേഷതകളായിരിക്കും. പുതിയ കാലത്തിന്‍റെ വെല്ലുവിളികളെ നേരിട്ട് ഇന്നത്തെയും ഭാവിയുടെയും തലമുറകളെ സുരക്ഷിതമാക്കാനുള്ള വഴിയാണത്.
ഇതു സര്‍ക്കാര്‍ മാത്രം വിചാരിച്ചാൽ സാധിക്കുന്നതല്ല. സമൂഹത്തെയാകെ ചലിപ്പിച്ചുകൊണ്ടേ സാധിക്കാനാവൂ. ഇവിടെയാണ് സാംസ്‌കാരിക രംഗത്ത്, അഭിപ്രായ രൂപീകരണ രംഗത്ത്, ബുദ്ധിജീവി സമൂഹത്തിന്‍റെ പങ്ക് പ്രധാനമാവുന്നത്. തുടക്കത്തിലേ പറഞ്ഞല്ലൊ, എല്ലാ ചരിത്ര ഘട്ടങ്ങളിലും പുരോഗതിയുടെ ചാലുകീറാന്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചവരാണു സാംസ്‌കാരിക നായകര്‍. ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഘട്ടമെടുത്താലും നവോത്ഥാന സമരത്തിന്‍റെ ഘട്ടമെടുത്താലും കീഴാള വിമോചനത്തിന്‍റെ ഘട്ടമെടുത്താലും തൊഴിലാളി മുന്നേറ്റത്തിന്‍റെ ഘട്ടമെടുത്താലും കാര്‍ഷിക മുന്നേറ്റത്തിന്‍റെ ഘട്ടമെടുത്താലും സാംസ്‌കാരികതയുടെ ഇടപെടൽ വളരെ സജീവമായിരുന്നതായി കാണാമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.