കോഴിക്കോട് :താമരശ്ശേരി ചുരത്തിൽ വച്ച് സ്വർണ വ്യാപാരിയെ തടഞ്ഞുനിർത്തി പണവും വാഹനവും കവർന്ന കേസിൽ രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. റൂറൽ എസ്‌പിയുടെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്‌പി എം പി വിനോദിന്‍റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
പാലക്കാട് കണ്ണമ്പ്ര പാലത്ത് പറമ്പിൽ ജിത്ത് (29), കൊടുങ്ങല്ലൂർ അഞ്ചപ്പാലം കുഴിക്കണ്ടത്തിൽ അനീഷ് (39) എന്നിവരെയാണ് പാലക്കാട് കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ വച്ച് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ഡിസംബർ 13 നാണ് മൈസൂരിൽ നിന്നും സ്വർണം എടുക്കാൻ കൊടുവള്ളിയിലേക്ക് വന്ന വ്യാപാരിയെ താമരശ്ശേരി ചുരത്തിൽ തടഞ്ഞുനിർത്തി മർദിച്ച് ക്വട്ടേഷൻ സംഘം 68 ലക്ഷം രൂപയും കാറും തട്ടിയെടുത്തത്.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പതിനഞ്ചാം തീയതിയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയതിന് ശേഷം താമരശ്ശേരി, കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിൽ നിന്ന് എട്ട് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിലെ പത്ത് പ്രതികൾ പിടിയിലായി.