തിരുവനന്തപുരം :കേരളത്തിലെ വിവിധ സ്‌നാന ഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്താന്‍ പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്വന്തം പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നതിന് പുറമേവയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് കൂടി ബലിതര്‍പ്പണം നടത്തി ഇത്തവണത്തെ കര്‍ക്കടക വാവ് വ്യത്യസ്‌തമായി.ചെറുതുരുത്തി നിളാതീരത്ത് പങ്ങാവ് ക്ഷേത്രത്തിലാണ് വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവർക്കും ബലിതർപ്പണം നടത്തിയത്. ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ആണ് ബലി തർപ്പണം നടത്തുന്നത്.
രാവിലെ 3 മണിയോടെയാണ് പങ്ങാവ് ക്ഷേത്രത്തില്‍ ചടങ്ങുകൾ ആരംഭിച്ചത്. മഹാ തില ഹോമം സായൂജ പൂജ എന്നിവ പ്രത്യേകം നടത്തി. കൊരട്ടിക്കര ഗോദശർമ്മൻ നമ്പൂതിരിയാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. ബലിതര്‍പ്പണത്തോടനുബന്ധിച്ച് വിപുലമായ സൗകര്യങ്ങൾ ക്ഷേതത്തിൽ ഒരുക്കിയിരുന്നു.
ആലുവ ശിവക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് വൻ ഭക്തജന തിരക്ക് :ആലുവ ശിവക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ ആയിരങ്ങളാണ് ബലിതർപ്പണം നടത്തിയത്. പിതൃ മോക്ഷം തേടി ബലിയിടാൻ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ആലുവയിൽ എത്തിയിട്ടുണ്ട്.
മഴ മാറി നിന്നതിനാൽ തടസങ്ങളില്ലാതെ ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ആലുവ മണപ്പുറത്ത് വെള്ളമുയർന്ന് ചെളി അടിഞ്ഞുകൂടിയതിനാൽ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയത്. ഇവിടെ 45 ബലിത്തറകളാണ് ഇത്തവണ സജ്ജീകരിച്ചത്. ബലിതർപ്പണ ചടങ്ങുകൾക്ക് ബുദ്ധിമുട്ടുണ്ടായാൽ മണപ്പുറം, ജിസിഡിഎ റോഡുകളിലേക്കും സമീപമുള്ള പുരയിടങ്ങളിലുമൊക്കെ പിതൃകർമങ്ങൾ നടത്താൻ അനുവദിച്ചേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പെരിയാറിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് പുഴയിൽ ഇറങ്ങാൻ ആരെയും അനുവദിക്കുന്നില്ല.
പുഴയിൽ ഫയർഫോഴ്‌സ് ബോട്ടുകൾ പട്രോളിങ് നടത്തുന്നുണ്ട്. വൻ പൊലീസ് സുരക്ഷ, ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫിസര്‍മാരുടെ സേവനം എന്നിവ പ്രദേളശത്ത് ഉറപ്പാക്കിയിട്ടുണ്ട്. ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.