കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ നീങ്ങിയിട്ട് നാല് ദിവസം; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള ഫയലും ചുവപ്പ് നാടയില്‍ - Technical issues in secretariat

സാങ്കേതിക തകരാറുകളില്‍ കുരുങ്ങി സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനം നിലച്ചു. ഇ-ഫയല്‍ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവും നിലച്ചിട്ട് നാല് ദിവസമായി.

SECRETARIAT  KSRTC  ഇ ഫയല്‍ സംവിധാനം  TVM
Technical issues in secretariat (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 14, 2024, 4:18 PM IST

തിരുവനന്തപുരം : സാങ്കേതിക തകരാറുകളില്‍ കുരുങ്ങി സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനം സ്‌തംഭിച്ചു. ഫയല്‍ കൈമാറ്റം വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ഇ-ഫയല്‍ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവും നിലച്ചിട്ട് നാല് ദിവസമായി. ഇതോടെ വകുപ്പുകള്‍ തമ്മിലുള്ള ഫയല്‍ കൈമാറ്റവും നിശ്ചലാവസ്ഥയിലാണ്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള ഫയല്‍ നാല് ദിവസം മുന്‍പ് ധനകാര്യ വകുപ്പിലേക്ക് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോര്‍വേഡ് ചെയ്‌തിരുന്നു. എന്നാല്‍ ഇ-ഫയല്‍ പണിമുടക്കിയതിനാല്‍ ധനകാര്യ വകുപ്പിലെത്താനുള്ള ഫയല്‍ ചുവപ്പ് നാടയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെ ജീവനക്കാരുടെ പഞ്ചിംഗും മുടങ്ങി. സിസ്‌റ്റം അപ്‌ഡേഷന്‍ നടക്കുന്നതിനാലാണ് സാങ്കേിത തടസമെന്നാണ് സെക്രട്ടേറിയറ്റിലെ ഹൗസ്‌കീപ്പിംഗ് വിഭാഗത്തിന്‍റെ വിശദീകരണം.

പൊതുഭരണ വകുപ്പ്, ധനകാര്യ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിങ്ങനെ പ്രധാനപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാണെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടന ആരോപിച്ചു. അതേസമയം സാങ്കേതിക തകരാറില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് ധനകാര്യ വകുപ്പാണെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

നാളുകളായി കെട്ടികിടക്കുന്ന ഫയലുകള്‍ക്ക് പുറമേ ഇ-ഫയല്‍ സംവിധാനം പുനഃസ്ഥാപിക്കപ്പെടുന്നതോടെ ഫയലുകള്‍ കൂട്ടത്തോടെ വകുപ്പിലെത്തുന്നത് ജോലി ഭാരം ഇരട്ടിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മെയ് 10 മുതല്‍ മെയ് 13 വരെ ഇ-ഫയല്‍ അപ്‌ഡേഷന്‍ ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി ഐടി വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഇന്നും ഇ-ഫയല്‍ പ്രവര്‍ത്തനം പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. അടിയന്തര ഘട്ടങ്ങളിൽ സർക്കാർ ഉത്തരവുകൾ ഓഫ്‌ലൈനായി പുറത്തിറക്കാമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.

ALSO READ:പെരിയ ഇരട്ടക്കൊലപാതകം: ജഡ്‌ജിയുടെ സ്ഥലംമാറ്റത്തിനെതിരായ ഹർജി പിൻവലിച്ചു

ABOUT THE AUTHOR

...view details