തിരുവനന്തപുരം :ശനിയാഴ്‌ച പ്രവൃത്തിദിനമായി നിശ്ചയിച്ച വിദ്യാഭ്യാസ കലണ്ടറിനെച്ചൊല്ലിയുള്ള അധ്യാപക പ്രതിഷേധത്തിൽ മുങ്ങി സ്‌കൂൾപഠനം മുടങ്ങും. വിദ്യാഭ്യാസ കലണ്ടറിലെ മാറ്റത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിക്കാത്തതിനാല്‍ ഭരണ - പ്രതിപക്ഷ ഭേദമില്ലാതെയാണ് പ്രതിഷേധം.
കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തെ 205 ല്‍ നിന്നാണ് സ്‌കൂൾ പ്രവൃത്തി ദിവസം 220 ആക്കിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിക്കാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചതെന്ന് അധ്യാപകർ പറയുന്നു. പരീക്ഷ ദിനങ്ങള്‍ ഒഴിച്ചാല്‍ ഹൈസ്‌കൂളുകള്‍ക്ക് 220 പ്രവൃത്തി ദിനവും ഹയര്‍ സെക്കന്‍ഡറിക്ക് 195 പ്രവൃത്തി ദിനവുമാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ നിര്‍ദേശിക്കുന്നത്.
കേരള വിദ്യാഭ്യാസ ചട്ടം (Kerala Education Rules-KER) അനുസരിച്ച് അധ്യയന വര്‍ഷം തുടങ്ങുന്നതിന് 10 ദിവസം മുമ്പെങ്കിലും അക്കാദമിക് കലണ്ടര്‍ പുറത്തിറക്കണം. എന്നാല്‍ ഇത്തവണ സ്‌കൂള്‍ തുറന്ന ജൂണ്‍ 3 ന് ആണ് അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചതെന്നും അവർ വ്യക്തമാക്കി. ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം ഒരേസമയം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസമുണ്ടാക്കുന്നതും പഠന നിലവാരത്തെത്തന്നെ ബാധിക്കാനിടയുള്ളതുമാണെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു.
എന്‍എസ്എസ്, എസ്‌പിസി (Student police cadets) എന്‍സിസി, സ്‌കൗട്ട് എന്നിവയടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശനിയാഴ്‌ചകളിലാണ്. ഈ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കിപ്പോരുന്നുണ്ട്. കൂടാതെ വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതും ശനിയാഴ്‌ചകളിലാണ്. അതുകൊണ്ടുതന്നെ ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കിയാൽ അത് വിദ്യാർഥികളെ നല്ല രീതിയിൽ ബാധിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി.
220 പ്രവൃത്തി ദിനങ്ങളുള്ള ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമായ പുതിയ അക്കാദമിക് കലണ്ടര്‍ റദ്ദാക്കണമെന്ന കാര്യത്തില്‍ സിപിഎം അധ്യാപക സംഘടന കെഎസ്‌ടിഎ, സിപിഐയുടെ എകെഎസ്‌ടിയു, കോണ്‍ഗ്രസ് സംഘടന കെപിഎസ്‌ടിഎ എന്നിവയ്‌ക്കും ഏകാഭിപ്രായമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 16 ശനിയാഴ്‌ചകളാണ് പുതിയ കലണ്ടറിൽ പ്രവൃത്തി ദിനമായി ഉൾപ്പെടുത്തിയത്. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും അധ്യാപക സംഘടനകൾ വ്യക്തമാക്കി.