മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച, അക്ഷരാർത്ഥത്തിൽ നമ്മെ വിറങ്ങലിപ്പിച്ച ഒട്ടേറെ ക്രൂരതകൾക്ക് സംസ്ഥാനം സാക്ഷിയാകേണ്ടി വന്ന വർഷമാണ് കൊഴിഞ്ഞു പോകുന്നത്. പലർക്കും ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത് സ്നേഹം കൊണ്ട് ചേർത്തു നിർത്തപ്പെടും എന്ന് പ്രതീക്ഷിച്ച, വിശ്വാസമർപ്പിച്ച ബന്ധങ്ങളിൽ നിന്ന് തന്നെയായിരുന്നു. സ്വന്തം ഭര്‍ത്താവിന്‍റെയും സഹപാഠികളുടെയും അമ്മയുടെയും വരെ കൈകളില്‍ അമര്‍ന്ന ജീവനുകള്‍, അന്യസംസ്ഥാന തൊഴിലാളിയോടും അന്യദേശത്തെ താരത്തോടും വരെ കാണിച്ച ന്യായീകരിക്കാനാകാത്ത ആള്‍ക്കൂട്ട ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും, രണ്ട് വയസുകാരിക്ക് മുകളില്‍ വരെ പ്രയോഗിക്കപ്പെട്ട അധികാര ബോധങ്ങള്‍, സംഭവങ്ങൾ ഒട്ടേറെ ഉണ്ട് ചർച്ച ചെയ്യാൻ.
സിദ്ധാർഥിന്‍റെ മരണം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ വിദ്യാർഥിയായിരുന്ന സിദ്ധാർഥിനെ മരിച്ച നിലയിൽ ഹോസ്റ്റൽ റൂമിൽ കണ്ടെത്തുന്നത് ഫെബ്രുവരി 18 നാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപണവുമായി കുടുംബം രംഗത്ത് വന്നതോടെയാണ് സിദ്ധാർഥ് ഇരയാകേണ്ടി വന്ന ക്രൂരമായ റാഗിങിനെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയുന്നത്. മൂന്ന് ദിവസത്തോളം ഭക്ഷണം പോലും നൽകാതെ സീനിയർ വിദ്യാർഥികൾ അതിക്രൂരമായി സിദ്ധാർഥിനെ മർദിച്ചുവെന്ന് സഹപാഠികളിൽ ചിലർ മൊഴിനൽകി. ഇത് ശരിവയ്‌ക്കുന്ന തരത്തിൽ ആയിരുന്നു പുറത്ത് വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടും.
സിദ്ധാര്‍ഥ് സഹപാഠിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തതാണെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. സംഭവത്തിൽ കോളജിലെ എസ്‌എഫ്ഐ യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്‌തു. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.
നവജാത ശിശുവിന്‍റെ മൃതദേഹം അമ്മ ഫ്ലാറ്റില്‍ നിന്ന് എറിഞ്ഞ സംഭവം: യാഥാസ്ഥിതിക ചിന്താഗതിയും സദാചാര ബോധവും ചോദ്യം ചെയ്യപ്പെടുന്ന കാലത്തും അതിന്‍റെ ഇരകളായി പൊലിയേണ്ടിവന്നിട്ടുളളത് നിരവധി ജീവനുകളാണ്. അത്തരത്തിൽ ഒന്നായിരുന്നു ഈ സംഭവം. അമ്മയുടെ കൈകളില്‍ അമര്‍ന്ന് ഇല്ലാതായ പിഞ്ചു ജീവനുകളുടെ കഥ നാം മുന്‍പും കേട്ടിട്ടുണ്ടെങ്കിലും ഫ്ലാറ്റിന്‍റെ അഞ്ചാം നിലയില്‍ നിന്ന് നവജാത ശിശുവിനെ മാതാവ് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിക്കുക തന്നെ ചെയ്‌തു.
ഫ്ലാറ്റിലെ കുളിമുറിയിൽ പ്രസവിച്ച 23കാരി പരിഭ്രാന്തിയെ തുടർന്ന് കുഞ്ഞിനെ കവറിലാക്കി താഴേക്ക് എറിയുകയായിരുന്നു. യുവതി ഗർഭിണിയായിരുന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല എന്ന് പൊലീസ് വ്യക്തമാക്കി. സുഹൃത്ത് പീഡിപ്പിച്ചതായി പെൺകുട്ടി പിന്നീട് മൊഴി നല്‍കുകയും ചെയ്‌തു.
രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം: ശിശു ക്ഷേമ വകുപ്പിലെ ആയമാര്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം മലയാളി മനസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമാണ്. സ്വന്തം പിതാവിന്‍റെ മരണം നേരിൽ കണ്ട രണ്ടര വയസുകാരി അതിന്‍റെ ആഘാതത്തിൽ കിടക്കയിൽ രാത്രി മൂത്രമൊഴിച്ചു. അതാണ് അത്ര വലിയ പീഡനത്തിന് ഇരയാകാന്‍ മാത്രം ആ പിഞ്ചു കുഞ്ഞ് ചെയ്‌ത പാപം.
സംരക്ഷണ ചുമതലയുളളവര്‍ തന്നെ അത് ദുരുപയോഗം ചെയ്യുന്ന കാഴ്‌ച. അതീവ ഗൗരവമുള്ള സംഭവമാണെന്നും ദയ അര്‍ഹിക്കുന്നില്ല എന്നും നിരീക്ഷിച്ച പോക്‌സോ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തളളി. ശിശു ക്ഷേമ വകുപ്പിലെ സിന്ധു, മഹേശ്വരി, അജിത എന്നീ മുന്‍ ആയമാരാണ് നിലവില്‍ ജയിലില്‍ കഴിയുന്നത്.
മൂവാറ്റുപുഴ ആള്‍ക്കൂട്ടക്കൊല: ആള്‍ക്കൂട്ടത്തിന്‍റെ അതിക്രൂരപീഡനങ്ങള്‍ക്ക് ഇരയായാണ് അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് മരണത്തിന് കീഴടങ്ങുന്നത്. വാളകത്തെ ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ പെൺസുഹൃത്തിനെ കാണാനെത്തിയതായിരുന്നു. സുഹൃത്തുമായുളള തര്‍ക്കത്തിന്‍റെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അശോക് ദാസിനെ വിചാരണ ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സംഘം ചേര്‍ന്ന് റോഡരികിലെ ഇരുമ്പ് കമ്പിയില്‍ കെട്ടിയിട്ടു. രാത്രി പൊലീസെത്തി അശോകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് ആള്‍ക്കൂട്ടക്കൊലപാതകത്തിന് വൈക്കം സ്വദേശികളായ വിജീഷ്, സത്യൻ, അനീഷ്, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽ കൃഷ്ണ, സനൽ, എമിൽ എന്നിവരെ അറസ്റ്റ് ചെയ്‌തു. മനുഷ്യ ജീവന് മുകളില്‍ സദാചാര ബോധം നിലയുറപ്പിച്ച കാഴ്‌ചയായിരുന്നു അത്.
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ 500 മീറ്റര്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മലയാളിയുടെ ജനാധിപത്യബോധത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. കൂടല്‍കടവ് ചെമ്മാട് ഉന്നതിയിലെ മാതനെയാണ് (49) കാറിൽ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. ചെക്ക് ഡാം കാണാൻ എത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടത്തതിന്‍റെ ദേഷ്യത്തിലാണ് മാതനെ കാറില്‍ വലിച്ചിഴച്ചത്. കാറിന്‍റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് യുവാവിനെ പ്രതികള്‍ വലിച്ചിഴക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
കാറിന് തീയിട്ട് ഭാര്യയെ കൊന്നു: കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ തടഞ്ഞ് പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം, ഏതറ്റം വരെയും ചെയ്യാന്‍ മടിക്കാത്ത ക്രൂരതയുടെ പര്യായമായിരുന്നു. കൊല്ലത്ത് ബേക്കറി നടത്തുന്ന അനിലയാണ് കൊല്ലപ്പെട്ടത്. ബേക്കറി ജീവനക്കാരനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അനിലയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് ചെമ്മാമുക്കിൽ വച്ച് കാർ തടയുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്‌തു.
ദേഹമാസകലം പൊള്ളലേറ്റ അനില പുറത്തേക്കിറങ്ങിയെങ്കിലും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. അനിലയുടെ കൂടെ കാറിലുണ്ടായിരുന്ന യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് അനിലയുടെ ഭര്‍ത്താവ് പത്മരാജന്‍ (60) പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
ടിടിഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി: ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തളളിയിട്ട് കൊലപ്പെടുത്തിയത് മലയാളി മറക്കാത്ത മറ്റൊരു സംഭവമാണ്. എറണാകുളം സ്വദേശിയായ ടിടിഇ കെ വിനോദിനാണ് ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്‌ടമായത്. സ്ലീപ്പർ ടിക്കറ്റ് എടുക്കാതെ മദ്യപിച്ച് യാത്ര ചെയ്യുകയായിരുന്ന ഒഡീഷ സ്വദേശി രജനികാന്തിനോട് ടിടിഇ ടിക്കറ്റ് ആവശ്യപ്പെടുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇതിന്‍റെ ദേഷ്യത്തില്‍ രജനീകാന്ത് ടിടിഇയെ തളളിയിട്ടു. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ വിനോദിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ഗുരുതരമായി പരിക്കേറ്റ വിനോദ് തത്‌ക്ഷണം മരിക്കുകയുമായിരുന്നു.
ഐവറി കോസ്റ്റ് താരത്തിനെതിരായ വംശീയാധിക്ഷേപവും ആക്രമണവും: ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്‌റ്റ് താരത്തെ കാണികള്‍ മര്‍ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ മലയാളിയെ ലോകത്തിന് മുന്നില്‍ ലജ്ജിപ്പിക്കുന്നതായിരുന്നു. അതിക്രമം നേരിട്ട ഹസൻ ജൂനിയർ ദൃശ്യങ്ങളടക്കം കാണിച്ച് മലപ്പുറം എസ്‌പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, വധശ്രമം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 15 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു.
ആഫ്രിക്കന്‍ മങ്കി, ബ്ലാക്ക് കാറ്റ് എന്ന് വിളിച്ചാണ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. ഫുട്‌ബോള്‍ ആരാധനയുടെ പേരില്‍ ലോകശ്രദ്ധ നേടിയ, മെസിയെയും അര്‍ജന്‍റീനയുടെ താരങ്ങളിലെയും കേരളത്തിലെത്തിക്കാന്‍ കോടികള്‍ മുടക്കുന്ന അതേ കേരളത്തിലാണ് ഒരു വിദേശ ഫുട്‌ബോള്‍ താരത്തിന് അധിക്ഷേപം നേരിടേണ്ടി വന്നത്. സമത്വത്തിനും തുല്യതയ്‌ക്കും വേണ്ടി ഉറക്കെ പ്രസംഗിക്കുമ്പോഴും ഉളളില്‍ ഒളിച്ചുവയ്‌ച്ചിരിക്കുന്ന വംശീയ വേര്‍തിരിവിന്‍റെ പുറത്തുച്ചാട്ടമായി വേണം ഈ സംഭവത്തെ കാണാന്‍.
ഒറ്റക്കെട്ടായും നമ്മള്‍
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ അരങ്ങേറുമ്പോഴും ഏത് ദുരന്തമുഖത്തും ഒരുമിച്ച് നില്‍ക്കുന്ന, ഏത് പ്രതിസന്ധിയും ഒറ്റക്കെട്ടായി തരണം ചെയ്യുന്ന മലയാളികളുടെ ഇച്ഛാശക്തി കണ്ടില്ലെന്ന് നടിക്കാനാകില്ല. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അര്‍ജുന്‍റെ മൃതദേഹം കണ്ടെത്താന്‍ മലയാളികള്‍ മാസങ്ങള്‍ക്കിപ്പുറവും കുടുംബത്തിനൊപ്പം പ്രാർഥനയോടെ നിന്നത് നാം കണ്ടതാണ്. സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് വയനാട് സാക്ഷിയായപ്പോഴും താങ്ങി നിര്‍ത്താന്‍ മലയാളികളുടെ കൈകള്‍ വിദേശത്ത് നിന്നുവരെ എത്തിയെന്നതും ശ്രദ്ധേയമാണ്. സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ച് വച്ച കാശും പെന്‍ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തി.
മലയാളിയുടെ സഹായ മനോഭാവത്തിന്‍റെ, ചേര്‍ത്തുപിടിക്കലിന്‍റെ മറ്റൊരു അടയാളപ്പെടുത്തലിനാണ് ഏപ്രിലില്‍ ലോകം സാക്ഷിയായത്. വധശിക്ഷ കാത്ത് സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപയാണ് മലയാളികൾ ദിവസങ്ങൾക്കകം സ്വരുക്കൂട്ടി നൽകിയത്. സൗദിയിൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റഹീം, സ്പോൺസറുടെ ചലന ശേഷി നഷ്‌ടപ്പെട്ട മകനെ പരിചരിക്കുന്ന ജോലിയാണ് ചെയ്‌തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഭക്ഷണവും വെള്ളവും ഓക്‌സിജനും നൽകാന്‍ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണം റഹീമിന്‍റെ കൈതട്ടി താഴെ വീണ് കുട്ടി മരിച്ചു.
ഇതോടെ കൊലപാതക കുറ്റം ചുമത്തി റഹീമിന് റിയാദ് കോടതി വധശിക്ഷ വിധിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനും അപേക്ഷകൾക്കും ഒടുവിലാണ് 34 കോടി രൂപക്ക് റഹീമിന് മാപ്പ് നൽകാൻ കുടുംബം തയ്യാറായത്. ഒരു മനുഷ്യ ജീവന് അവരിട്ട വില എത്ര തന്നെ വലുതാണെങ്കിലും അത് തങ്ങളുടെ ഒത്തൊരുമക്ക് മുന്നിൽ ഒന്നുമല്ലെന്ന് ദിവസങ്ങൾക്കുള്ളിൽ മലയാളികൾ തെളിയിച്ചു. വധശിക്ഷ റദ്ദാക്കിയെങ്കിലും റഹീമിന്‍റെ മോചനത്തിനായുള്ള കോടതി നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. വർഷങ്ങളുടെ കണ്ണീരുമായി കാത്തിരിക്കുന്ന ഉമ്മ പുതിയ വര്‍ഷമെങ്കിലും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ആവുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.