ബെലഗാവി: പ്രചോദനത്തിന്‍റെ അത്യന്തിക ഉറവിടാമായി മഹാത്മാഗാന്ധി തുടരുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. അദ്ദേഹത്തിന്‍റെ പൈതൃകം ഡല്‍ഹിയിലെ ഭരണക്കാരില്‍ നിന്ന് ഭീഷണി നേരിടുന്നെന്നും സോണിയ ചൂണ്ടിക്കാട്ടി. തങ്ങളെ വളര്‍ത്തിയ ആശയങ്ങളും സ്ഥാപനങ്ങളുമാണ് ഗാന്ധിജിയുടെ പൈതൃകമെന്നും അവര്‍ വ്യക്‌തമാക്കി.
ബെലഗാവിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് സോണിയ നല്‍കി സന്ദേശത്തിലാണ് ഈ പരാമര്‍ശങ്ങൾ. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സോണിയ യോഗത്തിനെത്തിയിരുന്നില്ല. ചരിത്രപരമായ ഈ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാനാകാത്തതിലുള്ള ഖേദം സോണിയ തന്‍റെ സന്ദേശത്തിലൂടെ പ്രകടിപ്പിച്ചു.
മോദി സര്‍ക്കാരിനും ആര്‍എസ്‌എസിനുമെതിരെ സോണിയ തന്‍റെ സന്ദേശത്തില്‍ ആഞ്ഞടിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ വധത്തിലേക്ക് നീണ്ട വിഷലിപ്‌തമായ അന്തരീക്ഷം സൃഷ്‌ടിച്ച ആ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം തുടരാനും അവര്‍ തന്‍റെ സന്ദേശത്തില്‍ ആഹ്വാനം നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതാണ് പാര്‍ട്ടിയുടെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെയും വഴിത്തിരിവെന്നും അവര്‍ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യം ഇപ്പോള്‍ ഒരു മാറ്റത്തിന്‍റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മഹാത്മാ ഗാന്ധിയുടെ പാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. നമ്മുടെ പ്രചോദനത്തിന്‍റെ ഉറവിടമായി അദ്ദേഹം എന്നും തുടരുമെന്നും അവര്‍ പറഞ്ഞു.
ആ തലമുറയിലെ നമ്മുടെ നേതാക്കളെ പരുവപ്പെടുത്തിയതും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്‍റെ പാരമ്പര്യവും ഇന്ന് ഡല്‍ഹിയിലെ ഭരണക്കാരില്‍ നിന്നും അവരെ പരുവപ്പെടുത്തിയ പ്രത്യയശാസ്‌ത്രങ്ങളിലും സ്ഥാപനങ്ങളിലും നിന്ന് വലിയ ഭീഷണി നേരിടുന്നു. ഈ സംഘടനകള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടേയില്ല. അവര്‍ ഗാന്ധിജിയോട് കടുത്ത എതിര്‍പ്പ് കാട്ടി. അവര്‍ വിഷലിപ്‌തമായ ഒരു അന്തരീക്ഷം സൃഷ്‌ടിച്ച് ഒടുവില്‍ അദ്ദേഹത്തിന്‍റെ കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചു. അവര്‍ അദ്ദേഹത്തിന്‍റെ ഘാതകരെ മഹത്വവത്ക്കരിച്ചുവെന്നും സോണിയ ചൂണ്ടിക്കാട്ടി.
"രാജ്യമെമ്പാടുമുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഈ ശക്തികളെ നേരിടുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ വിശുദ്ധ ദൗത്യം. നമ്മുടെ സംഘടനയെ ശാക്തീകരിക്കുക എന്നതും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം. സംഘടനയ്ക്ക് വലിയ മഹത്തായ ഒരു ചരിത്രമാണ് ഉള്ളത്. നമ്മുടെ പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ ശക്തമായി നേരിടാം." -സോണിയാ ഗാന്ധി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 39ാം സമ്മേളനം നൂറ് വര്‍ഷം മുമ്പ് ഇതേ സ്ഥലത്താണ് നടന്നത്. അതുകൊണ്ടുതന്നെ ഇതു തന്നെയാണ് നമുക്ക് ഒത്തു കൂടാനുള്ള ഏറ്റവും മികച്ച സ്ഥലമെന്നും സോണിയ തന്‍റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
Also Read: 'കോണ്‍ഗ്രസ് ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വം ഉപേക്ഷിക്കേണ്ടത് അനിവാര്യം': മണിശങ്കര്‍ അയ്യര്‍