എറണാകുളം:അച്ചടക്കം നിലനിർത്താൻ അധ്യാപകൻ വിദ്യാർഥിയുടെ കവിളത്ത് ഗുരുതരമല്ലാത്ത രീതിയിൽ അടിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. തൃശൂർ ചിറ്റാട്ടുകരയിലെ സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ ബദറുദിന്‍റെ പരാമർശം. മെഡിക്കൽ പരിശോധനയിലടക്കം പുറമെ പരിക്കുകകൾ കാണാൻ സാധിച്ചിട്ടില്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി ഉത്തരവ്.
ക്ലാസിന്‍റെ ഇടവേളയിൽ കുട്ടികൾ ഭക്ഷണം കഴിക്കുകയും പാട്ടുപാടുകയും ചെയ്‌തു. ഇതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ജനുവരി 10-ാം തീയതി രാവിലെ 10 മണിക്ക് ഇവരെ പ്രിൻസിപ്പലിന്‍റെ റൂമിലെത്തിക്കുകയും ഇതിൽ അഞ്ചുപേരുടെ കവിളത്ത് അടിക്കുകയും ചെയ്‌തു. പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഷർട്ടിന്‍റെ കോളറിൽ പിടിക്കുകയും മുഖത്തടിക്കുകയും ചെയ്‌തു എന്നായിരുന്നു കുട്ടികളുടെ പരാതി.