കാസർകോട്: സൂര്യനുദിക്കുന്നതിനു മുമ്പേ എഴുന്നേൽക്കും.. നേരെ തൊഴുത്തിലേക്ക്.. പശുക്കളെ കറന്ന് പാടത്തേക്ക് സൈക്കിളിൽ ഇറങ്ങും.. വർഷങ്ങൾ മുമ്പുള്ള ദിനചര്യ ഇപ്പോഴും തുടരുകയാണ് 90കാരനായ നാരായണൻ.
ഒരു ദിവസം അഞ്ച് കിലോ മീറ്റർ വരെ സൈക്കിളിൽ യാത്ര ചെയ്യും ഇദ്ദേഹം. ചെരുപ്പ് ഇടാറില്ല. വർഷങ്ങൾക്ക് മുമ്പ് തയ്യൽക്കാരനായിരുന്നപ്പോഴാണ് നാരായണൻ തന്‍റെ ആദ്യ സൈക്കിള്‍ സ്വന്തമാക്കുന്നത്. എങ്ങോട്ട് പോകുമ്പോഴും നാരായണേട്ടനൊപ്പം സൈക്കിളും കൂടെ ഉണ്ടാകും. ഇപ്പോൾ മൂന്നാമത്തെ സൈക്കിളാണ് നാരായണേട്ടന്‍റെ പക്കലുള്ളത്. ഒന്ന് കളവുപോയെന്ന് സങ്കടത്തോടെ അദ്ദേഹം ഓർക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രായം 90 ആണെങ്കിലും വെറുതെ ഇരിക്കാനൊന്നും നാരായണേട്ടനെ കിട്ടില്ല. 65 സെന്‍റ് പാടത്ത് നിറയെ കൃഷിയുണ്ട്. മാത്രമല്ല തൊഴുത്ത് നിറയെ പശുക്കളും. അവകളെ പരിപാലിക്കുന്നതും കുളിപ്പിക്കുന്നതും പാൽ കറക്കുന്നതുമെല്ലാം നാരായണേട്ടന്‍ തന്നെ. രാവിലെ കോഴികള്‍ക്കും തീറ്റ കൊടുത്ത ശേഷം നേരെ നെൽപ്പാടത്തേക്കിറങ്ങി പുല്ലൊക്കെ പറിച്ച് വൃത്തിയാക്കും.
ആരോഗ്യത്തിന്‍റെ രഹസ്യം ചോദിച്ചാൽ എണ്ണയുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കാറില്ലെന്ന് നാരായണേട്ടൻ പറയും. പിന്നെ നിത്യേനയുള്ള വ്യായാമവും. വയസ് എത്ര ആയെന്ന് ചോദിച്ചാൽ ആദ്യമൊന്ന് ചിരിക്കും. പിന്നെ പറയും 'റെക്കോർഡ് പ്രകാരം 90 ആയി. അതിനു മേലെ കാണുമായിരിക്കും.' കൂട്ടുകാരിൽ ഒരാൾ മാത്രമാണ് ജീവിച്ചിരിക്കുന്നത്.
ഇനി ഉദിനൂരിൽ എത്തിയാൽ നാരായണേട്ടനെ അറിയുമോയെന്ന് ചോദിച്ചാൽ പെട്ടെന്നു പിടികിട്ടിയെന്നു വരില്ല. പലരും നാരായണേട്ടനെ കുഞ്ഞമ്പുവേട്ടൻ എന്നാണ് വിളിക്കാറ്. പ്രകൃതി രമണീയമായ ഉദിനൂരിലെ റോഡുകളിലൂടെ നാരായണേട്ടന്‍റെ ജീവിത യാത്ര തുടരുകയാണ്.
Also Read: മെറ്റല്‍ എംപോസിങ് ആന്‍ഡ് കാര്‍വിങ്; ചിത്രകലയില്‍ വിസ്‌മയം തീര്‍ത്ത് കമല ടീച്ചര്‍