തിരുവനന്തപുരം:മതാടിസ്ഥാനത്തില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്‌ണന്‍ ഐഎഎസിന് ക്ലീന്‍ചിറ്റ്. സസ്‌പെന്‍ഷന്‍ റദ്ദാക്കി അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തു. റിവ്യു കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
അതേസമയം, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎസിന്‍റെ സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍, സര്‍ക്കാരിന്‍റെ പ്രതിച്‌ഛായ മോശമാക്കല്‍ തുടങ്ങിയ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടിയത്.
മതാടിസ്ഥാനത്തിലുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സസ്‌പെന്‍ഷനിലായ കെ ഗോപാലകൃഷ്‌ണന്‍, കുറ്റപത്ര മെമ്മോയ്ക്ക് മറുപടി നല്‍കിയിരുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കിയതില്‍ പങ്കില്ലെന്നും തന്‍റെ ഫോണ്‍ ഹാക്ക് ചെയ്‌തവരാണ് അതിന് പിന്നിലെന്നുമാണ് മെമ്മോയില്‍ സൂചിപ്പിച്ചത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങിയ റിവ്യു കമ്മിറ്റി ഇക്കാര്യം പരിശോധിച്ചിരുന്നു. തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക