ഇടുക്കി :തെക്കിന്‍റെ കാശ്‌മീരായ മൂന്നാറിന്‍റെ മടിത്തട്ടിൽ ജീവിക്കാനുള്ള പോരാട്ടത്തിലാണ് കാട്ടനകളും ചിന്നക്കനാൽ നിവാസികളും. 2022 സെപ്റ്റംബർ മുതൽ 2024 സെപ്റ്റംബർ വരെ ദേവികുളം റെയിഞ്ചിന് കിഴിൽ ചരിഞ്ഞത് ഏഴോളം ആനകൾ, ഇതിൽ അവസാനത്തെ ഇരയാണ് മുറിവാലൻ. പരസ്‌പരം ഏറ്റുമുട്ടി ആനകൾ ചരിയുന്നത് വിരളമാണ്. രോഗബാധയും വൈദ്യുതി ആഘാതവുമാണ് ആനകളുടെ ജീവൻ കൂടുതൽ അപഹരിക്കുന്നത്.
വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് സിഗരറ്റ് കൊമ്പൻ ചരിഞ്ഞത്. 301 കോളനിയിലെ ആദിവാസിയുടെ കൃഷിയിടത്തിൽ നിന്നും ഷോക്കേറ്റ് പിടിയാന ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. കുട്ടിയാനകളാണ് ചിന്നക്കനാൽ മേഖലയിൽ കൂടുതൽ ചരിഞ്ഞിരിക്കുന്നത്. രോഗ ബാധയെ തുടർന്നും കൊമ്പന്മാരുടെ ആക്രമണത്തിന് ഇരയായുമാണ് കുട്ടിയാനകൾ ചരിയുന്നത്. ഹെർപ്പിസ് വയറസ് ബാധയും മരണത്തിന് കാരണമാകുന്നുണ്ട്.
ദേവികുളം റെയിഞ്ചിൽ ഇനി അവശേഷിക്കുന്നത് 17 ആനകൾ ആണ്. പ്രായപൂർത്തിയായ കൊമ്പന്മാരിൽ ഇനി അവശേഷിക്കുന്നത് ചക്കകൊമ്പൻ മാത്രമാണ്. ഇത് ജനന നിരക്ക് ഗണ്യമായി കുറയുന്നതിനും ജനിതക വൈകല്യങ്ങൾക്കും കാരണമായേക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.