മലപ്പുറം: നിപ ബാധിച്ച് വിദ്യാർഥി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ അതീവ ജാഗ്രത. മേഖലയില്‍ ഇന്ന് (16-09-204) ആരോഗ്യ വകുപ്പിന്‍റെ സർവേ ആരംഭിച്ചു. രോഗലക്ഷണമുള്ള ആളുകളെ കണ്ടെത്താനുള്ള സർവേയാണ് ഇപ്പോള്‍ നടക്കുന്നത്. രോഗ ലക്ഷണത്തിനൊപ്പം നിപയുടെ ഉറവിടം കണ്ടെത്താനും സര്‍ക്കാര്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനായുള്ള ചോദ്യങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീടുകള്‍ കയറിയിറങ്ങിയാണ് ആരോഗ്യ വകുപ്പ് സർവേ നടത്തുന്നത്. അഞ്ച് വാർഡുകളിലായി അൻപത് അംഗ ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
സര്‍വേയിലെ ചോദ്യങ്ങൾ :
- പെട്ടെന്നുള്ള പനി ഉണ്ടോ? പനിയോടൊപ്പം ചുമയും ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടോ?
- ബോധാവസ്ഥയിലുള്ള വ്യതിയാനം, അപസ്‌മാരം എന്നിവയിലേതെങ്കിലും?
- നിങ്ങൾക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
- നിങ്ങളുടെ സമീപ പ്രദേശങ്ങളിൽ രോഗ കാരണം സ്ഥിരീകരിക്കാതെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ (ഫോൺ നമ്പർ മേൽവിലാസം ഉൾപ്പെടെ)
- പ്രദേശത്ത് പന്നികളുടെ സാന്നിധ്യം ഉണ്ടോ?
- പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം ഉണ്ടോ?
- പ്രദേശത്ത് മൃഗങ്ങളിൽ അസ്വാഭാവികമായ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ?
- വവ്വാലുകളുടെ വിസർജ്യവുമായി നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
- തന്നെ വിളയിക്കുന്ന പഴങ്ങളോ, പച്ചക്കറികളോ, പുഷ്‌പിക്കുന്ന ചെടികളോ ഉണ്ടോ?
- പനങ്കള്ള്/തെങ്ങിൻകള്ള് വിതരണം ചെയ്യുന്ന സ്ഥലങ്ങൾ ഉണ്ടോ?
ഇത്തരം കാര്യങ്ങളാണ് സര്‍വേയിലൂടെ മെഡിക്കൽ ബോർഡ് ടീം ചോദിച്ചറിയുന്നത്. നിപ സാന്നിധ്യത്തെ തുടര്‍ന്ന് ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളില്‍ നിയന്ത്രണം ഏർപ്പെടുത്തിയതായി കലക്‌ടർ അറിയിച്ചിരുന്നു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.
ഈ മേഖലകളില്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഇന്നത്തെ നബിദിന റാലികള്‍ മാറ്റിവെക്കാനുള്ള നിർദേശവും നല്‍കിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തില്‍ ഒന്നാകെ മാസ്‌ക് നിർബന്ധമാക്കിയതായി തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാമൻകുട്ടി അറിയിച്ചു.
മരിച്ച യുവാവിന്‍റെ സഹപാഠികള്‍ നിരീക്ഷണത്തില്‍:മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 17 സഹപാഠികള്‍ നിരീക്ഷണത്തില്‍. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായിരുന്നു യുവാവ്. 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.
4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്‌തിട്ടുമുണ്ട്. എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ച് നിലവില്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.