ഇടുക്കി: മധ്യവേനൽ അവധികാലം എത്തിയതോടെ കൈപന്തുകളിയിലൂടെ സജ്ജീവമാകുകയാണ് ഹൈറേഞ്ചിലെ മൈതാനങ്ങൾ. വേനലിനും തെരഞ്ഞെടുപ്പ് ചൂടിനുമൊപ്പം കായിക ആവേശത്തിലാണ് ഇടുക്കി. മധ്യവേനൽ അവധിയെത്തിയതോടെ ജില്ലയിലെ മൈതാനങ്ങളിൽ വീണ്ടും ആർപ്പുവിളികൾ ഉയരുന്നു. ഇടുക്കിയുടെ മാമാങ്കമായ വോളിബോൾ മത്സരങ്ങൾ മൈതാനങ്ങൾ അടക്കിവാഴുകയാണ്.
മലപ്പുറംക്കാർക്ക് കാൽപന്ത് കളി എങ്ങനെയാണോ അതുപോലെ ഇടുക്കിയുടെ രക്തത്തിൽ അലിഞ്ഞതാണ് കൈപന്ത് കളിയും. തൊണ്ണൂറുകളില്‍ കളമൊഴിഞ്ഞ വോളിബോള്‍ മലയോര മണ്ണിൽ വീണ്ടും ആവേശം നിറക്കുകയാണ്. മണ്ണിനോടും, മഞ്ഞിനോടും, മലയോടും, മലംമ്പനിയോടും, വന്യ മൃഗങ്ങളോടും മല്ലടിച്ച് എല്ലുമുറിയെ പണിയെടുത്തതിന് ശേഷം മലയോര മേഖലയിലെ ചെറുമൈതാനങ്ങളില്‍ ഒത്തുകൂടുന്ന ഗ്രാമവാസികളായ കര്‍ഷകര്‍ക്ക് വിനോദത്തിനായി ആകെയുള്ളത് ഈ കളിയായിരുന്നു.
ചെറിയ മൈതാനങ്ങൾ മതിയെന്നതായിരുന്നു വോളിബോള്‍ ഇടുക്കിയിൽ വേരോടാൻ പ്രധാന കാരണം. പന്ത് പൊട്ടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താല്‍ പിന്നെ ആ ഗ്രാമം മുഴുവന്‍ അക്ഷമരായി കാത്തിരിക്കും. തൊടുപുഴയില്‍ നിന്നോ കോതമംഗലത്തുനിന്നോ ആരെങ്കിലും പുതിയ പന്തുമായി മലകയറിയെത്തുന്നതുവരെ ആ കാത്തിരിപ്പ് നീളും. ഹൈറേഞ്ചുകാരുടെ പ്രിയ പന്തുകളി വര്‍ധിത വീര്യത്തോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. ജില്ലയിലെ മൈതാനങ്ങളിൽ വീണ്ടും ആർപ്പ് വിളികൾ ഉയരുകയാണ്.
കുടിയേറ്റ കാലം മുതലേ വൈദ്യുതിയും ദൃശ്യമാധ്യമങ്ങളും ഒന്നും ഇല്ലാതിരുന്ന ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങള്‍ തങ്ങളുടെ ഏക വിനോദമാക്കി മാറ്റിയതും നെഞ്ചിലേറ്റിയതും ഈ പന്തുകളിയെയാണ്. കാലാന്തരത്തില്‍ ഗ്രാമഫോണും റേഡിയോയുമെല്ലാം അപ്രത്യക്ഷമായതുപോലെ വോളിബോള്‍ കളിയും നിലച്ചു. മലയോര മേഖലയിലെ മൈതാനങ്ങള്‍ ക്രിക്കറ്റിനും ഫുട് ബോളിനും വഴിമാറുകയും ചെയ്‌തു.