കണ്ണൂർ:വടക്കൻ കേരളത്തിലെ ഒട്ടുമിക്ക കലാലയങ്ങളുടെയും പെരുങ്കളിയാട്ട കാവുകളുടെയും സുവനീർ നിർമാണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരാളുടെ പേരാണ് ഇന്ന് ശോഭ മാഗ്‌നെറ്റ്. വെല്ലുവിളികളെ അതിജീവിച്ച് പ്രസിദ്ധീകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അപൂർവം വനിതകളിലൊരാൾ. ഒരു വനിതയുടെ സ്വകാര്യ തൊഴിലിടം എങ്ങനെ വാർത്തകളിൽ ഇടം നേടുന്നുവെന്നതിൽ നിന്നാണ് ശോഭയെ തേടിയിറങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജീവിതത്തിൻ്റെ കടുത്ത പ്രതിസന്ധികളിൽ പകച്ച് നിൽക്കാതെ സുവനീർ ലേഔട്ട് രംഗത്ത് പെൺകരുത്തിൻ്റെ വീര്യം തെളിയിച്ചു കൊടുക്കാൻ കഴിഞ്ഞു എന്നതാണ് ശോഭ മാഗ്‌നെറ്റിൻ്റെ സവിശേഷത. പ്രീഡിഗ്രിക്ക് ശേഷം അന്നത്തെ ഏതൊരു ഇടത്തരം കുടുബത്തിലെ പെൺകുട്ടിയും ആഗ്രഹിക്കുന്നതുപോലെ പെട്ടെന്നൊരു ജോലി എന്ന സ്വപ്‌നവുമായാണ് ടൈപ്പ് റൈറ്റിങ് രംഗത്തേക്ക് ചുവട് വച്ചതെന്ന് ശോഭ പറയുന്നു. ഇതിനിടയിൽ ഡിഗ്രി കോഴ്‌സിന് ചേർന്നെങ്കിലും രണ്ടും ഒരുമിച്ച് തുടരാൻ ശോഭയ്ക്കായില്ല. സാമ്പത്തിക സ്ഥിതി അനുവദിച്ചില്ലെന്ന് പറയുന്നതാവും സത്യം. തുടർന്ന് ഡിടിപി പഠിക്കാൻ ചേർന്നു.
ശോഭ മാഗ്‌നെറ്റ് ഇടിവി ഭാരതിനോട്. (ETV Bharat) ടൈപ്പ് റൈറ്റിങ് പഠിച്ചത് കൊണ്ട് ഡിടിപി എളുപ്പമായി. അതിനിടയിലും ഡിടിപിയെക്കാൾ ഇഷ്‌ടമുള്ള വീഡിയോ എഡിറ്റിങ്ങിലും ശോഭ പരീക്ഷണത്തിനിറങ്ങി. അപ്പോഴും ഒരു സുവനീർ എങ്ങനെയായിരിക്കണം എന്നത് ശോഭയ്ക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. നാട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സുവനീറിലൂടെ പിച്ചവച്ച ശോഭ പതിയെ നടന്നു കയറി. പുസ്‌തക പൂർത്തീകരണത്തിനായി ഒറ്റമുറി കടയിൽ എത്രയോ രാത്രികളിൽ ഉറക്കമൊഴിച്ചിരുന്ന അനുഭവങ്ങൾ ശോഭ പങ്കുവച്ചു.
ശോഭയിൽ നിറയുന്ന സുവനീർ കൗതുകങ്ങൾ
കോലത്ത് നാടിൻ്റെ ജനകീയ ഉത്സവങ്ങളിലും ഓർമകളിലും എന്നും സൂക്ഷിക്കുന്നതാണ് പെരുങ്കളിയാട്ടങ്ങൾ. അത്തരം പെരുങ്കളിയാട്ട കാവുകളിലെ ഒട്ടു മിക്ക സുവനീറുകളിലും ഇന്ന് ശോഭ മാഗ്‌നെറ്റിൻ്റെ കയ്യൊപ്പുണ്ട്. 19 വർഷങ്ങൾക്ക് മുമ്പ് മാതമംഗലം മുച്ചിലോട്ട് നടന്ന പെരുങ്കളിയാട്ടത്തിൻ്റെ സ്‌മരണികയായിരുന്നു കളിയാട്ട കാവുകളിലെ ഓർമ പുസ്‌തകമായി ആദ്യമായി പുറത്തിറങ്ങിയത്. 19 വർഷങ്ങൾക്കിപ്പുറവും ഇത്തവണ നടന്ന കളിയാട്ടത്തിലും പേജ് ഒരുക്കിയത് ശോഭയാണ് എന്നത് മറ്റൊരു അപൂർവത.
ശോഭ, കവിയൂർ പൊന്നമ്മ (ETV Bharat) അക്കാലത്ത് കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഒട്ടുമിക്ക കലാലയങ്ങളുടെയും സുവനീർ പുറത്തിറങ്ങുന്നത് ശോഭ മാഗ്‌നെറ്റിൻ്റെ വിരലുകളിലൂടെ തന്നെയായിരുന്നു. കാഞ്ഞങ്ങാട്ടെ ഒരു പാരലൽ കോളജിൻ്റെ സുവനീറായ കറ്റയിൽ നിന്ന് തുടങ്ങി ശോഭയുടെ സ്വന്തം നാട്ടിലെ ഏറ്റവും പേരുകേട്ട പയ്യന്നൂർ കോളജിൻ്റെ മാഗസിൻ 2006ൽ പുറത്തിറങ്ങിയതോടെ കുട്ടികളുടെ ശോഭേച്ചി ആയി. വഴികൾ അകത്തേക്കും പുറത്തേക്കും എന്ന പേരിൽ ആയിരുന്നു ആ മാഗസിൻ പിറന്നു വീണത്. തുടർന്ന് 2007,2008,2009, 2010, 2011, 2012 വരെ കോളജിൻ്റെ മാഗസിൻ ചെയ്‌തത് ശോഭ തന്നെ ആയിരുന്നു.
ഇടവേളയെടുത്ത പത്ത് വർഷങ്ങൾ
സുവനീറുകളുടെ ഇടതടവില്ലാത്ത പിറവിക്കിടയിലായിരുന്നു ശോഭയുടെ വിവാഹം. പിന്നീട് കേരളത്തിന് പുറത്ത് 10 വർഷക്കാലം നീണ്ട ഇടവേള. കുടുംബ ജീവിതത്തിലെ തിരക്കിനിടയിൽ സുവനീർ നിർമാണത്തിന് സമ്പൂർണമായ ഇടവേള. കൊവിഡ് മഹാമാരിക്ക് ശേഷം നാട്ടിലെത്തിയ ശോഭ ഡിടിപി എന്ന തൻ്റെ പഴയ മേഖലയിലേക്ക് വീണ്ടും ഇറങ്ങിയെങ്കിലും സോഫ്റ്റ്‌വെയർ ഉൾപ്പടെ എല്ലാത്തിനും തലമുറമാറ്റം വന്നിരുന്നു. എങ്കിലും പിന്തിരിഞ്ഞ് നടക്കാൻ തയ്യാറായില്ലെന്ന് ശോഭ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
യുട്യൂബ് നോക്കിയും സംശയങ്ങൾ തീർത്തും പഴയ ജോലിയെ വീണ്ടും പൊടിതട്ടിയെടുത്തു. അങ്ങനെ 2024ലെ പയ്യന്നൂർ കോളജിൻ്റെ മാഗസിനിലും ശോഭ തൻ്റെ കയ്യൊപ്പ് ചാർത്തി. 2025ലാണ് മാതമംഗലം മുച്ചിലോട്ടിൻ്റെ സുവനീർ പുറത്തിറക്കിയത്. 2024ൽ പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തിന് വേണ്ടി രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ സുവനീറാണ് ക്ഷേത്രങ്ങൾക്കായി ചെയ്‌തതിൽ വച്ച് ഏറ്റവും വലുത്. കോളജ് മാഗസിനുകളിൽ ഏറ്റവും വലുത് പയ്യന്നൂർ കോളജിൻ്റെ കൂർത്തമാണെന്നും സുവനീറുകൾ വീട്ടിൽനിന്ന് ചെയ്യുകയെന്നതിൽ ഏറെ പരിമിതിയുണ്ടെന്നും ശോഭ പറയുന്നു.
ശോഭ തൻ്റെ ഓഫിസിൽ. (ETV Bharat) കഠിനാധ്വാനവും പ്രയത്നവും ആത്മാർഥതയുമാണ് ശോഭയെ മികച്ച ഒരു ഡിസൈനറായി മാറ്റിയെടുത്തത്. ഈ കാലയളവിൽ എത്ര സുവനീറുകൾ പുറത്തിറക്കി എന്നതിൽ ശോഭയ്ക്ക് തന്നെ കണക്കില്ല. പക്ഷേ ശോഭയുടെ വീട് സുവനീറുകളുടെ ലൈബ്രറിയാണ്. സ്വന്തമായി ചെയ്‌ത സുവനീറുകളുടെ അപൂർവ ശേഖരം വിവരങ്ങളുടെയും അറിവുകളുടെയും അമൂല്യ സമ്പത്ത് കൂടിയാണ്. കോളജ് ലൈബ്രേറിയനായ ഭർത്താവ് ഡോ.എസ്‌ആർ രാജ്‌കുമാറും അഞ്ചാം തരത്തിൽ പഠിക്കുന്ന മകൾ ജാൻസിലക്ഷ്‌മിയും പൂർണ പിന്തുണയാണ് ശോഭയുടെ സുവനീർ പ്രവർത്തനങ്ങൾക്ക് നൽകുന്നത്.
Also Read:ഡോക്‌ടർ ദമ്പതികളിൽ നിന്നും 7.65 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; തായ്‌വാൻ സ്വദേശികള്‍ അറസ്റ്റിൽ