കോഴിക്കോട്: സമസ്‌തയിലെ വിഭാഗീയ പ്രശ്‌നങ്ങൾ പഠിക്കാൻ അഞ്ചംഗ സബ് കമ്മിറ്റി രൂപികരിച്ചു. സമസ്‌ത വൈസ് പ്രസിഡൻ്റ് എം.ടി അബ്‌ദുള്ള മുസ്ല്യാരുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ഇന്ന് നടന്ന സമസ്‌ത മുശാവറ യോഗത്തിൻ്റേതാണ് തീരുമാനം.
യോഗത്തിൽ തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാതെ സബ് കമ്മിറ്റിയ്ക്ക് രൂപം നൽകുകയായിരുന്നു. സബ് കമ്മിറ്റി റിപ്പോർട്ടിന് ശേഷം തുടർ തീരുമാനമുണ്ടാകും. കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ വിഷയങ്ങളിൽ വ്യത്യസ്‌ത നിലപാടുകളുമായി മുസ്‌ലിം ലീഗിന്‍റേയും സമസ്‌തയുടെയും നേതാക്കൾ പരസ്‌പരം പോരടിച്ചിരുന്നു.
സമസ്‌തയിലെ വിഭാഗീയത ചർച്ച ചെയ്യാൻ കോഴിക്കോട് വിളിച്ച യോഗത്തിൽ നിന്ന് പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഇറങ്ങിപ്പോയ സംഭവവും ഉണ്ടായി. ഉമർ ഫൈസിയുടെ 'കള്ളന്മാർ' പരാമർശവും യോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന ജിഫ്രി തങ്ങളുടെ നിർദേശം അവഗണിച്ചതും ഉയർത്തി ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് മാറ്റി നിർത്താനാണ് ലീഗിന്‍റെ നീക്കം. ഉമർ ഫൈസിയുടെ ഇടത് ചായ്‌വുള്ള നീക്കം നേരത്തേയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ ഉമർ ഫൈസിക്ക് നേതൃത്വത്തിന്‍റെ ഒത്താശ ഉണ്ടായിരുന്നു. എന്നാൽ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി ലീഗിനേയും സമസ്‌തയേയും പരസ്യമായി തള്ളി പറഞ്ഞതോടെ വിഷയങ്ങൾ സങ്കീർണ്ണമാവുകയായിരുന്നു. ലീഗ് അനുകൂലികളായ മുശാവറാംഗം ഡോ. ബഹാവുദ്ദീൻ നദ്‌വി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്‌ദുസമദ് പൂക്കോട്ടൂർ എന്നിവർ ജിഫ്രി തങ്ങൾക്ക് പിന്തുണയേകിയും ഉമർ ഫൈസിയുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ചൂണ്ടിക്കാട്ടി രംഗത്തുണ്ട്.
ജിഫ്രി തങ്ങളെ അപമാനിച്ചത് വൈകാരിക വിഷയമാക്കാൻ സമസ്‌തയിലെ ലീഗ് അനുകൂലികൾ ശ്രമിക്കുന്നുണ്ട്. ഉമർ ഫൈസിക്കെതിരായ നടപടി നേരിട്ട് ആവശ്യപ്പെടാതെ സമസ്‌ത നേതൃത്വത്തെ കൊണ്ടുതന്നെ നടപടിയെടുപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ലീഗിന്‍റെ നീക്കം.
ഉമർ ഫൈസിക്കെതിരായ കർശന നടപടി സമസ്‌തയ്ക്കുള്ളിൽ വിഭാഗീയത കടുപ്പിക്കുമോയെന്ന ഭയം നേതൃത്വത്തിനുണ്ട്. സമസ്‌തയുടെ വിവിധ പോഷക സംഘടനകളുടെ പ്രധാന സ്ഥാനങ്ങളിലുള്ള ലീഗ് വിരുദ്ധരുടെ തുടർ നിലപാടിലാണ് ആശങ്ക. ഒരു പൊട്ടിത്തെറി ഉണ്ടായാൽ അത് ഇടതിന് അനുകൂലമായി തീരും. ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങൾ പഠിക്കാൻ അഞ്ചംഗ സബ് കമ്മിറ്റി രൂപികരിച്ചത്.
Also Read: ആര്‍എസ്‌എസ്-പിണറായി നെക്‌സസ് ശക്തം, തെളിവുകള്‍ കയ്യിലുണ്ട്, സമയമാകുമ്പോള്‍ പുറത്തുവിടും: പിവി അൻവര്‍