തിരുവനന്തപുരം:നെയ്യാറ്റിൻകരയിലെ ചെങ്കല്‍ വട്ടവിള യുപി സ്‌കൂളില്‍ വച്ച്ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എ ഷാജഹാന് മന്ത്രി നിര്‍ദേശം നല്‍കി. ഇന്നലെയായിരുന്നു വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റത്.
സ്‌കൂളിലെ ക്രിസ്‌മസ് ആഘോഷത്തിനിടെയായിരുന്നു സംഭവം. വട്ടവിള യുപി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹയ്‌ക്കാണ് (12) പാമ്പുകടിയേറ്റത്. വലതുകാലിലാണ് പാമ്പ് കടിച്ചത്. മറ്റ് കുട്ടികളും ഈ സമയം ക്ലാസിലുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കടിയേറ്റതിന് പിന്നാലെ തന്നെ കുട്ടി കുതറി മാറി. ഉടൻ തന്നെ കുട്ടിയെ ചെങ്കലിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും അവിടുന്ന് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി. നിലവില്‍ കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. സ്‌കൂള്‍ അധികൃതര്‍ ഇതിനെ തല്ലിക്കൊല്ലുകയും ചെയ്‌തിരുന്നു. കുട്ടിക്ക് കടിയേല്‍ക്കുന്നതുവരെ ആരും പാമ്പിനെ കണ്ടിരുന്നില്ല.
സ്‌കൂള്‍ പരിസരം കാടുപിടിച്ച അവസ്ഥയിലാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇവിടെ നിന്നായിരിക്കാം പാമ്പ് ക്ലാസ് മുറിയിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ പരിസരം എത്രയും വേഗത്തില്‍ വൃത്തിയാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read :സ്‌കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്